ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ ഉപാസനയുടെ സംഗീതോപാസന

240

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനിന്റെ 161ാം ലക്കത്തില്‍ ഉദ്ഘാടകയായി പ്രശസ്ത എഴുത്തുകാരി ഗ്രേസി എത്തി. എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തു നടന്ന പരിപാടിയില്‍ സംഗീതോപാസന നടത്തിയത് ആലുവ ഉപാസന സംഗീത ക്ലബിലെ പാട്ടുകാര്‍. കലകളില്‍ ശ്രേഷ്ഠമാണു സംഗീതമെന്നും മറ്റെല്ലാ കലാരൂപങ്ങളും അന്തിമമായി സംഗീതത്തില്‍ ലയിച്ചുചേരുന്നുവെന്നും ‘പടിയിറങ്ങിയപ്പോയ പാര്‍വതി’യുടെ എഴുത്തുകാരി ഗ്രേസി പറഞ്ഞു. രകവാതില്‍, രണ്ടു സ്വപ്നദര്‍ശികള്‍, കാവേരിയുടെ നേര് എന്നിവയും ഗ്രേസിയുടെ കൃതികളാണ്. ഹിന്ദിയിലും മലയാളത്തിലുമായി പതിനാറോളം പാട്ടുകളാണ് ഉപാസന സംഘം പാടിയത്. തുഞ്ചന്‍ പറമ്പിലെ തത്തേ.. എന്ന ഗാനം പാടി ഡോ. സുന്ദരം വേലായുധനാണ് സംഗീതസാന്ത്വ\ത്തിനു തുടക്കമിട്ടത്. സി. ശശിധരന്റെ താരകരൂപിണി..പിന്നാലെയെത്തി. പ്രമദവനം വീണ്ടും..…, അനുരാഗിണീ.. എന്നീ രണ്ടു പാട്ടുകള്‍ ശ്രീജിത് പാടി. താനേ തിരിഞ്ഞു മറിഞ്ഞും.., ശ്രീരാമ നാമം.. എന്നിവയുമായി മാളവികയെത്തിയപ്പോള്‍ ശശികുമാര്‍ മാരിവില്ലിന്‍ തേന്‍മലരേ.. പാടി. മേരെ നൈന പാടാന്‍ ഇക്ബാലും കുയിലിന്റെ മണിനാദം പാടാന്‍ ടോമിയും ചേര്‍ന്നു.

വിരമിച്ചവരും വിവിധ മേഖലകളിലെ ജീവനക്കാരുമായ ഗായകര്‍ ചേര്‍ന്നാണ് ഉപാസന സംഗീത കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച മെഡിക്കല്‍ ഓഫിസര്‍ ഡോ. സുന്ദരം വേലായുധന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി വിരമിച്ച കെ. ശശികുമാര്‍, ഐഎസി ജീവനക്കാര\ായിരുന്ന സി. ശശിധരന്‍, ബിസിനസുകാരായ ഇക്ബാല്‍, ടോമി, ശ്രീജിത്, ധനപാലന്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ മാളവിക തുടങ്ങി എല്ലാവരും സംഗീതത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍ തന്നെ.
രോഗികള്‍ക്കായി പാടുകയെന്നത് മനസ്സു നിറയ്ക്കുന്ന അനുഭവമാണെന്നും അവരുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ കൂടുതല്‍ അര്‍പ്പിതമായ മനസ്സോടെ പാടാനും സാന്ത്വനം പകരാനും കഴിയുന്നുവെന്നും ഉപാസന സെക്രട്ടറി ശശികുമാര്‍ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായി ചേര്‍ന്നാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY