എറണാകുളം നിപ വിമുക്തം – വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യരംഗം ജാഗ്രത തുടരണമെന്ന് മന്ത്രി ഷൈലജ ടീച്ചര്‍

147

കൊച്ചി : എറണാകുളത്തെ നിപ വിമുക്ത ജില്ലയായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ പ്രഖ്യാപിച്ചു . നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന വേളയിലാണ് ജില്ല നിപ വൈറസ് ബാധയില്‍ നിന്നും മോചനം നേടിയതായി മന്ത്രി ഔദ്യോഗികമായി അറിയിച്ചത്. നീണ്ട 54 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ യുവാവ് ആശുപത്രി വിടുന്നത്.

ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്‍റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ പിന്തുണയില്‍ സ്വകാര്യമേഖലയുമായി സഹകരിച്ച് ആവിഷ്കരിച്ച പ്രതിരോധനടപടികള്‍ ഫലം കണ്ടു. ലോകത്തിന്‍റെ തന്നെ പ്രശംസയ്ക്കും കേരളത്തിന്‍റെ ആരോഗ്യസംവിധാനം ഇതോടെ അര്‍ഹമായതായി മന്ത്രി ചൂണ്ടിക്കാട്ടി.

ദരിദ്രജനവിഭാഗത്തിന്റെ ചികിത്സ ഏറ്റെടുക്കൽസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ആരോഗ്യ വകുപ്പിനെ ആധുനിക സംവിധാനങ്ങങ്ങൾ ഉയോഗിച്ച് പുഷ്ടിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ വർഷം 23 സർക്കാർ ആശുപത്രികൾ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 58 ആശുപത്രികൾ ലിസ്റ്റിലുണ്ട്. ഗവൺമെൻറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും സമൂഹവും ഒത്തൊരുമിച്ചാൽ ആശുപത്രികൾക്ക് അക്രഡിറ്റേഷൻ നേടിയെടുക്കുന്നത് ജനകീയ പ്രവർത്തനം ആക്കി മാറ്റാൻ സാധിക്കും.

രാജ്യത്തിന്‍റെ ജിഡിപിയുടെ രണ്ട് ശതമാനം മാത്രമാണ് ആരോഗ്യമേഖലയില്‍ ചെലവിടുന്നതെന്നിരിക്കെ നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്ക് വളരെ വലുതാണ്. ശിശുമരണനിരക്ക് കുറയ്ക്കുന്നതിനായി കുട്ടികളുടെ ഹൃദ്രോഗ ശസ്ത്രക്രിയ നടത്തുന്ന ഹൃദ്യം പദ്ധതി സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. മന്ത്രി ചുൂണ്ടിക്കാട്ടി.

നിപ വൈറസ് പകരാതിരിക്കാൻ വിദഗ്ദ ഡോക്ടർമാരുടെ സേവനവും മുൻ കരുതലും ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. നിപ്പാ വൈറസിനെതിരെ പൊരുതാൻ യുദ്ധ സന്നാഹത്തിലായിരുന്നു ആരോഗ്യവകുപ്പ്. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരിൽ 17 പേരെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നിപ പ്രതിരോധ യജ്ഞത്തിൽ പങ്കാളികളായ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രി ഡോക്ടർമാരെയും ജീവനക്കാരെയും ആരോഗ്യവകുപ്പ് , മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള , മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച പ്രതിദിനം പ്രതിരോധം ക്യാമ്പയിൻ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടുവർഷത്തിനിടെ പകർച്ചവ്യാധിയിൽ കുറവ് വന്നിട്ടുണ്ട്. സർക്കാരിന്റെ ആർദ്രം മിഷൻ വഴി ആരോഗ്യ രംഗത്ത് വലിയ മാറ്റം തന്നെ കൈവരിക്കാൻ സാധിച്ചു. ക്യാൻസർ കൺട്രോൾ ബോർഡ്, ക്യാൻസർ രജിസ്ട്രി , ഗവ. സ്ഥാപനങ്ങളിൽ സ്ട്രോക്ക് യൂണിറ്റ് , ടോമ കെയർ പ്രോജക്ട് എന്നിവ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസം ആദ്യവാരത്തോടെ 100 ലൈഫ് സേവിങ് ആംബുലൻസുകൾ നിരത്തിലിറങ്ങും.

ഒക്ടോബർ മാസത്തോടെ 315 ആംബുലൻസുകളും നിരത്തിലിറങ്ങും. എയിംസ് മാതൃകയിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ ടോട്ടൽ ട്രോമാകെയർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബയോ സേഫ്റ്റി ലവൽ 3 ലാബുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമാക്കി. തിരുവനന്തപുരത്തെ ലാബ് ഉടൻ പ്രവർത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാൻ സെൻട്രൽ ഗവൺമെൻറ് അനുവാദം നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ലാബിനെ കൂടുതൽ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 4 ന് നിപക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തിയവരുടെ സംഗമം കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഘടിപ്പിക്കും. ചടങ്ങിൽ നിപ സമഗ്ര മെഡിക്കൽ ബുള്ളറ്റിൻ പ്രകാശനം ആസ്റ്റർ മെഡിസിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍, മന്ത്രി ശൈലജ ടീച്ചർക്ക് നൽകി നിർവ്വഹിച്ചു. കേരളത്തിൽ സ്ഥാപിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 ലക്ഷം രൂപയുടെ പരിശോധന ഉപകരണങ്ങൾ ഡോ. ആസാദ് മൂപ്പൻ വാഗ്ദാനം ചെയ്തു.ജില്ലാ കളക്ടർ എസ് സുഹാസ്, ആസ്റ്റർ മെഡിസിറ്റി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഹരീഷ് പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കമാൻഡർ ജെൻസൺ എ കവലക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS