കലയും വിജ്ഞാനവും പകര്‍ന്നു നല്‍കി ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ കോലമെഴുത്ത പരിശീലന കളരി

277

കൊച്ചി: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അനുഷ്ഠാന കലകളില്‍ ഒന്നാണ് കോലമഴുത്തും കോലം തുള്ളലും. ഈ കലാരൂപത്തെ ബിനാലെയുമായി സംയോജിപ്പിച്ചത് കുട്ടികള്‍ക്കുള്ള പരിപാടിയായ ആര്‍ട്ട് ബൈ ചില്‍ഡ്രനിലൂടെയാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സംരംഭമായ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ഭാഗമായി കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്നു വന്ന പരിശീലന കളരിയില്‍ കുട്ടികള്‍ക്ക് ലഭിച്ചത് മറ്റെങ്ങും കിട്ടാത്ത അനുഭവങ്ങളായിരുന്നു. കളം വരയ്ക്കലിന്റെ രീതികളാണ് പരിശീലന കളരിയുടെ ഭാഗമായി കുട്ടികളെ പഠിപ്പിച്ചത്. വട്ടം വരയ്ക്കുകയാണ് ഇതിന്റെ പ്രാഥമികമായ പാഠം. അത് കുട്ടികള്‍ക് ഏറെ ഹൃദ്യമായ അനുഭവമായെന്ന് ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍ തിരുവല്ല പറഞ്ഞു. കളം വരയ്ക്കാന്‍ കുട്ടികളെ പഠിക്കുന്നതിലൂടെ അവര്‍ക്ക് കേരളത്തിലെ പ്രാചീന കലാരൂപങ്ങളെക്കുറിച്ച് അറിവ് പകര്‍ന്ന് തരാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോലമെഴുത്തും കുരുത്തോല കൊണ്ടുള്ള കൗശലങ്ങളുമെല്ലാം കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തായിരുന്നു കളരി പുരോഗമിച്ചത്. പ്ലാസ്റ്റിക് കൊണ്ടുള്ള തോരണങ്ങള്‍ അടക്കി വാഴുന്ന കാലത്ത് കുരുത്തോല തോരണങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെന്നും പരിശീലകന്‍ അര്‍ജ്ജുനന്‍ മാര്‍ത്താലി ചൂണ്ടിക്കാട്ടി. പരിശീലനകളരിയുടെ അവസാന ദിവസം നടന്ന പക്ഷിക്കോലവും പടയണിയുമായിരുന്നു പ്രധാന ആകര്‍ഷണം. ഇരുപതടി വ്യാസമുള്ള കോലമാണ് ആസ്പിന്‍വാള്‍ ഹൗസിലെ മുറ്റത്ത് നിര്‍മ്മിച്ചത്. നടന്‍ ഇന്ദ്രന്‍സ്, ആസ്പിന്‍വാള്‍ ഹൗസിലെ ശുചീകരണ തൊഴിലാളി ശരവണ ദേവി, ആര്‍ട്ടിസ്റ്റ് പി കെ സദാനന്ദന്‍, രക്ഷിതാവായ സിന്ധു എന്നിവരാണ് കളത്തിനുള്ളിലെ നാല് വിളക്കുകള്‍ തെളിയിച്ചത്. പരമ്പരാഗരീതിയില്‍ നിലത്ത് ചാണകം മെഴുകിയാണ് കോലമെഴുത്തിനുള്ള തറ ഒരുക്കിയതെന്ന് തിരുവല്ല ഭൈരവി പടയണി സംഘത്തിലെ ഗോപിനാഥന്‍ പറഞ്ഞു. അനുഷ്ഠാന കലയില്‍ നിന്നും ദൈനംദിന ജീവിതത്തിനാവശ്യമായ കാര്യങ്ങള്‍ അടര്‍ത്തിയെടുത്താണ് പക്ഷിക്കളം വരച്ചത്. മുട്ടയിട്ട് അടയിരിക്കാന്‍ മടിയുള്ള പക്ഷിയുടെ മുട്ട വിരിയുന്നതാണ് ഈ കളത്തിന്റെ ഇതിവൃത്തം. പക്ഷിയുടെ ചൂട് കിട്ടാത്തതിനാല്‍ കളത്തിനു പുറത്ത് പാട്ടുകള്‍ പാടിയും താളം ചവുട്ടിയും മുട്ടകള്‍ക്ക് വിരിയാനുള്ള സാഹചര്യം ഉണ്ടാക്കുന്നു.

ഒടുവില്‍ മുട്ടവിരിഞ്ഞ് പക്ഷികള്‍ ജനിക്കുന്നു. അവയ്ക്ക് തൂവലും ചിറകുമുണ്ടായി കോലം തുള്ളി കളമൊഴിഞ്ഞു പോകുന്നതാണ് പക്ഷിക്കളത്തിന്റെ അവസാനം. മധ്യതിരുവിതാംകൂറിലെ കാവുകളില്‍ കാണുന്ന പടയണിയിലെ പക്ഷിക്കോലം തുള്ളിയാണ് കളമൊഴിയുന്നതെന്നും ഗോപിനാഥന്‍ പറയുന്നു. സമകാലീന ജീവിതത്തിലെ പല പ്രശ്‌നങ്ങളും ഈ പക്ഷിക്കളത്തിലൂടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമയമില്ലാത്ത സമൂഹത്തിന്റെ പ്രതീകമാണ് അടയിരിയ്ക്കാ കുരുവി. നാഥനില്ലാത്ത മുട്ടകള്‍ക്ക് പാട്ടിലൂടെ നല്‍കുന്നത് ജീവിക്കാനുള്ള പ്രചോദനം കൂടിയാണ്. ഇതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്തമായ പാഠം കൂടി കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ നിന്നോ വീടുകളില്‍ നിന്നോ കുട്ടികള്‍ക്ക് കിട്ടാത്ത അറിവുകള്‍ ഇത്തരം പരിശീലന കളരിയിലൂടെ ലഭിക്കുന്നുവെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ തലവന്‍ മനു ജോസഫ് പറഞ്ഞു. കളരിയില്‍ പറഞ്ഞു നല്‍കിയ പല കാര്യങ്ങളും കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും അറിവുള്ള കാര്യങ്ങളായിരുന്നില്ല. സാധാരണ ചിത്രരചന കളരികളില്‍ നിന്നും എബിസിയെ വേറിട്ടതാക്കുന്നതും ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY