ആവിഷ്‌കാരത്തില്‍ പുത്തന്‍ അറിവുകള്‍ തേടി ബറോഡ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ബിനാലെയില്‍

289

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാനെത്തിയതിലൂടെ കലാവിഷ്‌കാരത്തില്‍ പുത്തന്‍ അറിവുകളാണ് ബറോഡ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. കലയുടെ യഥാര്‍ത്ഥ അനുഭവം ലഭിച്ചത് ഇവിടെ നിന്നാണെന്ന് അമ്പതംഗ വിദ്യാര്‍ത്ഥി സംഘം ഒരേ സ്വരത്തില്‍ പറഞ്ഞു. സമകാലീന കലാപഠനത്തിന് ഏറെ പേരു കേട്ടതാണ് ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്‌സിറ്റി എന്ന എം എസ് യു. വീക്ഷണത്തിലും വൈവിദ്ധ്യത്തിലുമൂന്നിയ പരീക്ഷണങ്ങള്‍ നടത്താന്‍ വ്യക്തിപരമായി ലഭിക്കുന്ന സ്വാതന്ത്ര്യമാണ് കുട്ടികളെ ബിനാലെയില്‍ ഏറെ ആകര്‍ഷിച്ചത്.

കല എന്തായിരിക്കണമെന്ന സ്വന്തം കാഴ്ചപ്പാടാകെ മാറിയെന്ന് ദൃശ്യകലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി പൂജശ്രീ ബര്‍മ്മന്‍ പറയുന്നു. പ്രദര്‍ശന സ്ഥലങ്ങളും പ്രതിഷ്ഠാപനങ്ങളും തമ്മില്‍ ഇഴുകിച്ചര്‍ത്താണ് സുദര്‍ശന്‍ ഷെട്ടി ബിനാലെ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ഡെസ്മണ്ട് ലസാറോ, ലിയു വീ എന്നിവരുടേതുള്‍പ്പെടെ ദൃശ്യകലാ പ്രദര്‍ശനങ്ങള്‍ ഏറെ ആകര്‍ഷിച്ചെന്നും പൂജശ്രീ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നേരിട്ട് വിദ്യാര്‍ഥി സംഘത്തെ ബിനാലെ പ്രദര്‍ശനങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു. ശൈലികളിലെ വൈവിദ്ധ്യംത, രീതികള്‍, വീക്ഷണങ്ങള്‍ എന്നിവ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി എങ്ങിനെയാണ് സമന്വയിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.

ഒരേ വീക്ഷണത്തിലൂടെ ബിനാലെയെ നോക്കിക്കാണുകയെന്നതല്ല സുദര്‍ശന്‍ ലക്ഷ്യം വച്ചതെന്ന് ബോസ് പറഞ്ഞു. വിവിധ വീക്ഷണ കോണിലൂടെ ഈ പ്രദര്‍ശനങ്ങളെ കാണണം. കലാ പഠന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രധാനമാണ്. കാരണം അവരാണ് നാളത്തെ കലാകാരന്മാരെന്നും ബോസ് പറഞ്ഞു. കൊച്ചി ബിനാലെയുടെ വിശ്വാസ്യതയാണ് അതിനെ രാജ്യത്തെ മറ്റ് പ്രദര്‍ശനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കലയെ വില്‍പനച്ചരക്കാക്കുന്ന രാജ്യത്തെ മറ്റ് കലാപ്രദര്‍ശനങ്ങളില്‍ നിന്ന് ഇത് വേറിട്ടു നില്‍ക്കുന്നുവെന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി രാഗിണി ചൗള പറഞ്ഞു.

കലയ്ക്ക് വേണ്ടി കല എന്ന പ്രമാണത്തിനനുസരിച്ചാണ് ബിനാലെയുടെ പ്രവര്‍ത്തനമെന്ന് ആദ്യ സ്വരൂപും സ്തുതി ഭാവസറും ചൂണ്ടിക്കാട്ടി. സൂക്ഷ്മമായ കാര്യങ്ങളെപ്പോലും മികച്ച രീതിയില്‍ അനാവരണം ചെയ്യാന്‍ ബിനാലെയ്ക്കായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിനാലെയിലെ പ്രദര്‍ശനങ്ങള്‍ക്ക് ഏകീകൃത സ്വഭാവമല്ല ഉള്ളതെന്ന് വിദ്യാര്‍ത്ഥിയായ കോപാല്‍ സേത്ത് അഭിപ്രായപ്പെട്ടു. ദൃശ്യം, ശ്രാവ്യം, എന്നിങ്ങനെ നിരവധി മേഖലകളില്‍ വ്യാപരിക്കുന്ന ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനായത് ഭാവിയില്‍ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY