മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജിനെതിരെ കേസ്

235

മീററ്റ്: മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി എംപി സാക്ഷി മഹാരാജിനെതിരെ കേസ്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനയ്‌ക്ക് കാരണം മുസ്ലീങ്ങളാണെന്ന പ്രസ്താവന വിവാദമായതോടെ മീററ്റ് പൊലീസാണ് കേസെടുത്തത്. എന്നാല്‍ ഏകീകൃത സിവില്‍ നിയമം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന വിശദീകരണവുമായി സാക്ഷി രംഗത്തെത്തി. മതത്തിന്റെ പേരില്‍ വോട്ടുപിടിക്കരുതെന്ന സുപ്രീംകോടതി വിധിയും രാഷ്ട്രീയ യോഗങ്ങളില്‍ മതം പ്രസംഗ വിഷയമാകരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കര്‍ശന നിര്‍ദേശവും തുടരുന്നതിനിടെയാണ് സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ ജനസംഖ്യാ വർധനവിനു കാരണം നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കൽപ്പത്തെ പിന്തുണയ്ക്കുന്നവരാണെന്ന പ്രസ്താവനയാണ് വിവാദമായത്. പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നതോടെയാണ് പോലീസ് കേസെടുക്കാൻ തയാറായത്. അഞ്ചു സംസ്‌ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. എംപിയുടെ പ്രസ്താവനയെ വിമർശിച്ച കോൺഗ്രസ്, മോദിയുടെ പാളിച്ചകളിൽനിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.മീററ്റിൽ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കൽപ്പത്തെ പിന്തുണയ്ക്കുന്നവരാണ് ഇന്ത്യയിൽ ജനസംഖ്യ വർധിക്കുന്നതിന് കാരണമെന്നായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന. എത്രയും വേഗത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്ത് വന്നു. താൻ ഒരു സമുദായത്തെയും ലക്ഷ്യമാക്കി പരാമർശം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിമുഖീകരിക്കാൻ തയാറാണെന്നും സാക്ഷി മഹാരാജ് പ്രതികരിച്ചു. ഇപ്പോഴുളള കേസിനു പുറമെ കൊലപാതകം ഉള്‍പ്പെടെ മറ്റ് എട്ട് ക്രിമിനല്‍ കേസുകള്‍ കൂടിയുണ്ട് സാക്ഷി മഹാരാജിനെതിരെ.

NO COMMENTS

LEAVE A REPLY