കോഴിക്കോട്:ഊര്‍ജച്ചോര്‍ച്ച, വൈദ്യുതിമുടക്കം അടക്കമുള്ള വെല്ലുവിളികളെ കീഴടക്കാനായി സ്മാര്‍ട്ട് ഗ്രിഡ് എന്ന പുതിയ സംവിധാനത്തിലേക്കു മാറാന്‍ കെ.എസ്.ഇ.ബി. പദ്ധതി തയാറാക്കുന്നു. പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ ഉദ്യോഗസ്ഥരില്‍ നിന്നു ബോര്‍ഡിന്‍റെ സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് തേടി. ഈ ജില്ലകളില്‍ പദ്ധതിക്കാവശ്യമായ വിവര ശേഖരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.നിലവിലെ വൈദ്യുതി വിതരണ ശൃംഖല സ്മാര്‍ട്ടാകുന്പോള്‍ വിതരണവും പൊതുവിനിയോഗവും അകലെനിന്നു നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഇതുവഴി വൈദ്യുതി പാഴാകുന്നതും ഇടയ്ക്കിടെ മുടങ്ങുന്നതും ഒഴിവാക്കാന്‍ സാധിക്കും.ഉപയോക്താവില്‍ നിന്നു ബോര്‍ഡിനും തിരികെയും കൃത്യമായ വിവരവിനിമയം സാധ്യമാക്കാനും സ്മാര്‍ട്ട് പദ്ധതി ഉപകരിക്കുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ. പുതിയ സംവിധാനത്തിലേക്കു മാറുന്നതിന്‍റെ ഭാഗമായി 11 കെ.വി. ലൈന്‍ നവീകരിക്കാനും ശക്തി കൂട്ടാനുമുള്ള ജോലി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരസൂചിക, ഭൂരേഖ തയാറാക്കല്‍, ട്രാന്‍സ്ഫോമറുകളും ഫീഡറുകളും മാറ്റുന്നതിനുള്ള കണക്കെടുപ്പുകള്‍ എന്നിവയ്ക്കും തുടക്കമിട്ടു. പുതിയ സംവിധാനത്തിലേക്കു മാറുന്നതുവഴി ബോര്‍ഡിന്‍റെ വൈദ്യുതി വിതരണശൃംഖലയിലെ ആശയവിനിമയം എളുപ്പമാകും. ഇതുവഴി വൈദ്യുതി വിതരണം, നിയന്ത്രണം, ഉപയോഗം, അറ്റകുറ്റപ്പണികള്‍ എന്നിവയും സോളാര്‍, കാറ്റാടി തുടങ്ങി പാരന്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗവും എളുപ്പം സാധ്യമാകും. വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് വൈദ്യുതി വിതരണം നടത്തുന്നതിനു ലോകതലത്തില്‍ രൂപപ്പെട്ട നവീനമാര്‍ഗമാണ് സ്മാര്‍ട്ട് ഗ്രിഡെന്നും വൈദ്യുതി വിതരണ ശൃംഖലയെ കൂട്ടിയിണക്കുന്നതിലൂടെ സാന്പത്തികനേട്ടം ഉണ്ടാക്കാനാകുമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മംഗളത്തോടു പറഞ്ഞു. 2013, 14 വര്‍ഷങ്ങളില്‍ ഈ പദ്ധതി ചെറിയ തോതില്‍ നടപ്പാക്കാന്‍ ശ്രമമുണ്ടായിരുന്നു. അന്ന് അതിനായി ഇ-ടെന്‍ഡര്‍ വിളിച്ച തുക 28 കോടിയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു ജില്ലകളില്‍ സ്മാര്‍ട്ട് ഗ്രിഡ് സംവിധാനമൊരുക്കാന്‍ വന്‍ തുക കണ്ടെത്തേണ്ടിവരും.
courtsy : daily hunt