ഐ.എസ്.എല്‍ ; എഫ് സി ഗോവയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി

259

കൊച്ചി : എഫ് സി ഗോവയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കി. ആദ്യ പകുതിയില്‍ വഴങ്ങിയ ഗോളില്‍ നിന്ന് കരകയറി ശക്തമായി കേരള ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഗോവ മൂന്നു പോയന്റുമായി മടങ്ങുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ആദ്യ പകുതിയില്‍ ഏഴാം മിനുട്ടില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പിറകില്‍ പോയിരുന്നു. കൊറോ ആണ് ഗോവയുടെ മികച്ച നീക്കത്തിനൊടുവില്‍ ഇന്നത്തെ കൊച്ചിയിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അതിനു ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ കേരളം 29ആം മിനുട്ടില്‍ അര്‍ഹിച്ച സമനില ഗോള്‍ നേടി. സി കെ വിനീതിലൂടെ ആയിരുന്നു കേരളത്തിന്റെ സമനില ഗോള്‍. രണ്ടാം പകുതിയില്‍ കേരളം നന്നയി പൊരുതി എങ്കിലും ലീഡെടുക്കാനുള്ള മികവ് കേരളത്തിന് കാണിക്കാനായില്ല. ഇയാന്‍ ഹ്യൂമും സികെ വിനീതും അര്‍ധാവസരങ്ങളുമായി ഗോവന്‍ ബോക്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു എങ്കിലും അത് മതിയായിരുന്നില്ല ഗോവന്‍ ഡിഫന്‍സിനെ തകര്‍ക്കാന്‍. 76ആം മിനുട്ടില്‍ ഒരു ഫ്ലിക്കിംഗ് ഹെഡറിലൂടെ എഡു ബേഡിയ ആണ് ഗോവയുടെ വിജയഗോള്‍ ആയി മാറിയ രണ്ടാം ഗോള്‍ നേടിയത്. ഗോവ രണ്ടാമതും ലീഡെടുത്തതോടെ ബ്ലാസ്റ്റേഴ്സ് പോരാട്ട വീര്യം ചോരുകയായിരുന്നു. മത്സരത്തിന് കിസിറ്റോ ഇല്ലാഞ്ഞതും റിനോ ആന്റോ ആദ്യ പകുതിയില്‍ പരിക്കേറ്റ് പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

NO COMMENTS