ഇന്റര്‍നെറ്റില്ലാതെ വീഡിയോ സ്ട്രീമിങ്; ഹാവ് ഫണ്‍ ആപ്പുമായി മലയാളികള്‍

227

നമ്മള്‍ മിക്കവരും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഫോണില്‍ ഒരു വീഡിയോ പ്ലേ ആകണമെങ്കില്‍ ഒന്നുകില്‍ നമ്മള്‍ ഫോണില്‍ സ്റ്റോര്‍ ചെയ്യണം അല്ലെങ്കില്‍ ഓണ്‍ലൈനില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ സ്ട്രീം ചെയ്യുകയോ വേണം. ഇത് രണ്ടുമല്ലാതെ മറ്റൊരു മാര്‍ഗം മുന്നോട്ടു വെയ്ക്കുകയാണ് ‘ഹാവ് ഫണ്‍’ ( HavFun ) മൊബൈല്‍ ആപ്പിലൂടെ കൊച്ചിയിലെ ഒരു സംഘം യുവാക്കള്‍.
ഇന്റര്‍നെറ്റ് ഇല്ലാതെ എങ്ങനെ വീഡിയോ സ്ട്രീമിംഗ് സാധ്യമാകുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സാങ്കേതികവിദ്യ തയാറാക്കിയിട്ടുണ്ട് ജിജി ഫിലിപ്പ് സി.ഇ.ഓയും അഭിലാഷ് വിജയന്‍ സി.ടി.ഒയുമായ മ്യൂട്ടോടാക്ക് ടെക്നോളജീസ് ( Mutotack Technologies ).
have fun
റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ജനങ്ങള്‍ ധാരാളമായി വരുന്ന സ്ഥലങ്ങളില്‍ ഹോട്ട്സ്പോട്ട് ഡിവൈസുകള്‍ സ്ഥാപിച്ച് സൗജന്യമായി വീഡിയോ സ്ട്രീമിംഗിനുള്ള സൗകര്യം ഒരുക്കുന്നതാണ് വിദ്യ. നൂറോളം ആളുകള്‍ക്ക് ഒരു ഡിവൈസില്‍നിന്ന് തടസ്സമില്ലാതെ സ്ട്രീം ചെയ്ത് വീഡിയോ കാണാന്‍ കഴിയും.
ഹാവ്ഫണ്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആളുകള്‍ക്കാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഹോട്ട്സ്പോട്ടിലൂടെ വീഡിയോ സ്ട്രീം ചെയ്ത് കാണാന്‍ സാധിക്കുക.
സിനിമ, ഷോര്‍ട്ട് ഫിലിമുകള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 2000 മണിക്കൂര്‍ സ്ട്രീം ചെയ്യാനുള്ള കണ്ടന്റ് ഹോട്ട്സ്പോട്ടില്‍ ഉണ്ടാകും. ഇത് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഇതോടൊപ്പം പുതിയ സിനിമകള്‍ ചെറിയ ചിലവില്‍ കാണാനുള്ള സൗകര്യവും ഹാവ് ഫണ്‍ മൊബൈല്‍ ആപ്പില്‍ ഒരുക്കുന്നുണ്ട്.

photo credit : Mutotack Technologies
photo credit : Mutotack Technologies

‘ട്രെയിനുകളിലും ദീര്‍ഘദൂര ബസുകളിലും റെയില്‍വേ കാത്തിരിപ്പു മുറികളിലും ബസ് സ്റ്റാന്‍ഡുകളിലും വിമാനത്താവളങ്ങളിലും ഹാവ്ഫണ്‍ ഹോട്ട്സ്പോട്ട് ഡിവൈസുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം ഹാവ്ഫണ്‍ സേവനം ട്രെയിനുകളില്‍ ലഭ്യമാക്കുവാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് കഫേ ഷോപ്പുകള്‍, ആസ്പത്രികള്‍ തുടങ്ങി മറ്റ് മേഖലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. ജൂലാസ് അവസാനത്തോടെ ഹാവ് ഫണ്‍ ലോഞ്ച് ചെയ്യാനാണ് പദ്ധതി’ – ഹാവ്ഫണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജിജി ഫലിപ്പ് പറഞ്ഞു.
photo credit : Mutotack Technologies
photo credit : Mutotack Technologies

യൂട്യൂബ്, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ സ്ട്രീമിംഗ് ആപ്പുകള്‍ ആളുകളുടെ ഡേറ്റാ വലിയ തോതില്‍ വിഴുങ്ങുമ്പോള്‍ ഉപയോക്താക്കളുടെ ഒരു എംബി ഡേറ്റാ പോലും ഹാവ്ഫണ്‍ ഉപയോഗിക്കുന്നതിലൂടെ നഷ്ടപ്പെടുന്നില്ല. യൂട്യൂബിലെയും ഹോട്ട്സ്റ്റാറിലെയും പരസ്യങ്ങള്‍ കാണുമ്പോള്‍ വരെ ഉപയോക്താക്കളുടെ ഡേറ്റാ നഷ്ടമാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീഡിയോയ്ക്കിടയില്‍ പത്ത് സെക്കന്‍ഡോളം ദൈര്‍ഘ്യം വരുന്ന നാല് പരസ്യങ്ങള്‍ നല്‍കിയാണ് ഹാവ്ഫണ്‍ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. പരസ്യം കാണുമ്പോഴും മറ്റ് ആപ്പുകളിലേ പോലെ സ്വന്തം ഡേറ്റാ നഷ്ടമാകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം’ – ഹാവ്ഫണ്‍ സി.ടി.ഒ അഭിലാഷ് വിജയന്‍ പറഞ്ഞു.
പഠനകാലയളവില്‍ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ‘ഹാവ്ഫണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ വികസിപ്പിച്ചിരിക്കുന്നത്. മ്യൂട്ടോടാക്ക് ടെക്നോളജീസ് പുറത്തിറക്കുന്ന ആദ്യത്തെ ഉത്പന്നമാണ് ഹാവ്ഫണ്‍. സമാനമായ ഏതാനും പ്രോജക്ടുകള്‍ കൂടി ഈ കമ്പനി ഇപ്പോള്‍ ചെയ്യുന്നുണ്ട്.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY