തുഷാർ വെള്ളാപള്ളിയെ മാവോയിസ്റ്റുകൾ തട്ടികൊണ്ടു പോകുമെന്നു ഇന്റലിജൻസ് – റിപ്പോർട്ട്

139

തിരുവനന്തപുരം: ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള  വി.ഐ.പി മണ്ഡലമായ വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് ആക്രമണ ഭീഷണിയുണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ടുള്ളതായി മംഗളം ദിനപത്രത്തിലെ എസ്.നാരായണൻറെ റിപ്പോർട്ട്.

തുഷാറിനെ തട്ടികൊണ്ടു പോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും മാവോയിസ്റ്റുകൾ പദ്ധതിയിട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാതലത്തിൽ തുഷാറിന്റെ സുരക്ഷ ശക്തമാക്കണമെന്നു ആഭ്യന്തര വകുപ്പിനോടു നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി മൽത്സരിക്കുന്ന മണ്ഡലത്തിൽ എന്തു സംഭവിച്ചാലും ദേശീയ ശ്രദ്ധ ആകർഷിക്കും.

സുരക്ഷ ക്രമീകരണങ്ങൾ ഉത്തരമേഖല എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ് നിശ്ചയിക്കും. സ്ഥാനാർത്ഥി എന്ന നിലയിൽ തുഷാറിനു മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ വോട്ടു തേടാനെത്തും. ഇപ്പോൾ പാർട്ടി അണികളുമൊത്താണു തുഷാർ വോട്ട് പിടിക്കാനെത്തുന്നത്. ഇതു അപകടത്തിനു വഴിവയ്ക്കും. ഈ പശ്ചാതലത്തിൽ തുഷാറിനു പോലീസ് സുരക്ഷയൊരുക്കാനാണു ഇന്റലിജൻസിന്റെ കർശന നിർദ്ദേശം. 

രാജ്യത്തിൻറെ പല ഭാഗങ്ങളിലും ബിജെപി സ്ഥാനാർഥികൾക്കും നേതാക്കൾക്കും നേരെ  മാവോയിസ്റ്റ് അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ അവർക്ക് സ്ഥിരസാന്നിധ്യമുള്ള വയനാട്ടിൽ തുഷാറിനും ഭീഷണിയുണ്ടെന്നാണ് ഇൻറലിജൻസ് അധികൃതർ റിപ്പോർട്ട് ചെയ്യുന്നത്. 

വൈത്തിരി വെടിവെയ്പിനു പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകൾ മുന്നറിയിപ്പു നൽകിയതിനുപിന്നാലെ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനും ഏറ്റവുമവസാനം ആഹ്വാനം നൽകിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതുകൊണ്ടു  കർശനമായ സുരക്ഷാ സംവിധാനങ്ങളേർപ്പെടുത്തിയിട്ടും മാവോയിസ്റ്റുകളുടെ പോസ്റ്ററുകൾ മണ്ഡലത്തിൽ പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെടുന്നത് കേരളാ പൊലീസിൻറെ തണ്ടർബോൾട്ട് അടക്കമുള്ള സുരക്ഷാ സേനകളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് തുഷാറിനുള്ള ഭീഷണി. 

വയനാട്ടിൽ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് ജാഗ്രതാ നിർദ്ദേശം കേരളാ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി അടക്കമുള്ള പോലീസുദ്യോഗസ്ഥർക്കെതിരേ ശക്തമായ ഭീഷണി നില നിൽക്കുന്നു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യമുള്ള ദിവസങ്ങളിൽ എസ് പി ജി-യുടേതടക്കമുള്ള സുരക്ഷാ സന്നാഹങ്ങൾ മണ്ഡലത്തിലുണ്ടാകും. വാഹനങ്ങൾക്കുപോലും നിയന്ത്രണമുണ്ട്. തമിഴ് നാട്, കർണാടക പൊലീസ് സേനകളും ജാഗ്രതയിലാണ്. മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലയായതിനാൽ മാവോയിസ്റ്റുകൾക്ക്  കടന്നുവരാനും രക്ഷപ്പെടാനുമുള്ള മാർഗങ്ങൾ വനപ്രദേശങ്ങളിൽ ഏറെയുണ്ട്. 

വയനാട്ടിൽ ഇടതുമുന്നണി  കർഷകറാലി നടത്താൻ നിശ്ചയിച്ച ദിവസത്തിനു രണ്ടു ദിവസം മുമ്പാണ് കാർഷികവിപ്ലവത്തിനായി ചെങ്കൊടിക്കു കീഴിൽ അണിനിരക്കുക എന്ന ആഹ്വാനവുമായി മേപ്പാടിയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് ഓഫീസിൻറെ ചുവരിൽവരെ പോസ്റ്റർ പതിച്ചിരുന്നു.  

NO COMMENTS