രാജ്യത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്കു നേരേ ആക്രമണം അഴിച്ചുവിടുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരേയും ഒറ്റപ്പെടുത്തണം : രാഷ്‌ട്രപതി

236

ദില്ലി: രാജ്യത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്കു നേരേ ആക്രമണം അഴിച്ചുവിടുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരേയും ഒറ്റപ്പെടുത്തണമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്ര്യദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരതയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ദേശീയ ധര്‍മ ചിന്തയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്നതരത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ ശക്തമായി നേരിടണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുണ്ടാകന്ന അക്രമങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ആത്മാവിന് ഏല്‍ക്കുന്ന മുറിവാണ്. മറ്റൊരുവന്റെ സംസ്കാരത്തോടും മൂല്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള ബഹുമാനമാണ് ഇന്ത്യയെ ഒരുമിച്ചു ചേര്‍ത്തു പിടിച്ച അതുല്യ സവിശേഷത – രാഷ്ട്രപതി പറഞ്ഞു.
ഇത്തവണ സാധാരണ തോതിലുള്ള മണ്‍സൂണ്‍ ലഭിച്ചത് സന്തോഷത്തിന് ഇടനല്‍കുന്നു. വളര്‍ച്ചയില്‍ മുന്നേറാനും പണപ്പെരുപ്പം നിയന്ത്രിക്കാനും കഴിഞ്ഞത് രാജ്യം പുരോഗതിയുടെ പാതയിലാണെന്നതിനു തെളിവാണ്. ചരക്കു സേവന നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഗുണനിലവാരമുള്ള പാര്‍ലമെന്ററി ചര്‍ച്ചകളിലൂടെ പാസായത് രാജ്യത്തിന്റെ ജനാധിപത്യ പക്വത ആഘോഷിക്കാന്‍ മതിയായ കാരണമാണെന്നും രാഷ്ട്രപതി പറഞ്ഞു.

NO COMMENTS

LEAVE A REPLY