മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാൻ എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ

5

മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ NDPS കേസുകൾ ഉൾപ്പെടെ 240 കേസുകളും 15 ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ ആകെ 707 കേസുകളും രജിസ്റ്റർ ചെയ്തു.

അബ്കാരി / NDPS കേസുകളിൽ വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18 ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 58 വാറണ്ട് പ്രതികളെയും ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 9 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതൽ 31 വരെ അന്തർസംസ്ഥാന ട്രെയിനും അന്തർ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ചു റെയിൽവേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയിൽ 240 ട്രയിനുകളും 1370 അന്തർസംസ്ഥാന ബസുകളും പരിശോധിച്ചു.

115 COTPA കേസുകളും ഒരു NDPS കേസും കണ്ടെത്തി. 5.5 കിലോ കഞ്ചാവും 5 കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടി.

എക്സൈസ് കമ്മീഷണർ മഹിപാൽ യാദവിന്റെ നിർദേശപ്രകാരം അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) പ്രദീപ് പി.എം ന്റെ മേൽനോട്ടത്തിൽ നടന്ന കോമ്പിങ് ഓപ്പറേഷനുകൾക്ക് ജില്ലാ തലത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണ്ർമാരും പരിശോധനയ്ക്ക് നേതൃത്വം നൽകി. രണ്ടായിരത്തോളം എക്സൈസ് ജീവനക്കാർ പങ്കാളികളായി.

സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ഇനിയും ഇത്തരത്തിലുള്ള അപ്രതീക്ഷിത പരിശോധനകൾ സംഘടിപ്പിക്കുമെന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും എക്സൈസ് ആസ്ഥാനത്തെ ടെലിഫോൺ നമ്പരുകളിലും ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാവുന്നതാണ്. ടെലിഫോൺ നമ്പരുകൾ എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

എക്സൈസ് ആസ്ഥാനത്തെ ടെലിഫോൺ നമ്പർ: 0471- 2322825, 9447178000, 9061178000.

NO COMMENTS

LEAVE A REPLY