ഗംഭീറിനും പൂജാരയ്ക്കും അര്‍ധസെഞ്ചുറി ; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

201

ഇന്‍ഡോര്‍• ന്യൂ‍സീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 385 റണ്‍സ് ലീ‍ഡായി. നാലാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഗൗതം ഗംഭീര്‍ (50), ചേതേശ്വര്‍ പൂജാര (പുറത്താകാതെ 50) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. ഗംഭീറും മുരളി വിജയുമാണ് ഇന്ന് പുറത്തായ ബാറ്റ്സ്മാന്‍മാര്‍. 19 റണ്‍സെടുത്ത് വിജയ് റണ്ണൗട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് (2) പൂജാരയ്ക്കൊപ്പം ക്രീസില്‍.
സ്കോര്‍: ഇന്ത്യ – അഞ്ചിന് 557, രണ്ടിന് 127, ന്യൂസീലന്‍ഡ് 299.അവസരത്തിനൊത്തുയര്‍ന്ന് അതിവേഗം റണ്‍സ് കണ്ടെത്തിയ ഗംഭീര്‍, അര്‍ധസെഞ്ചുറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കിയതാണ് നാലാം ദിവസത്തെ കളിയുടെ ഇതുവരെയുള്ള ഹൈലൈറ്റ്. 56 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെടെയാണ് ഗംഭീര്‍ 50 റണ്‍സെടുത്തത്. പരുക്കേറ്റതുമൂലം മൂന്നാം ദിനം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഗംഭീര്‍, മുരളി വിജയ് പുറത്തായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ക്രീസിലെത്തിയത്. ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍മാരെ ഇന്ത്യ കറക്കി വീഴ്ത്തിയപിച്ചില്‍ ഗംഭീര്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തി. ഒടുവില്‍ ജീതന്‍ പട്ടേലിന്റെ പന്തില്‍ ഗപ്റ്റിന് ക്യാച്ചു സമ്മാനിച്ചായിരുന്നു ഗംഭീറിന്റെ മടക്കം.
നേരത്തെ, ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്സില്‍ 299 റണ്‍സിന് പുറത്തായിരുന്നു. 81 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് കിവീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തി. ന്യൂസീലന്‍ഡിനായി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (72), ടോം ലാതം (53), ജയിംസ് നീഷാം (71) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 258 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീ‍ഡു നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ വിരാട് കോഹ്‍ലിയുടെ ഇരട്ടസെഞ്ചുറിയുടെയും (211) രഹാനെയുടെ സെഞ്ചുറിയുടെയും (188) മികവില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY