ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: 6 പേർ അറസ്റ്റില്‍

239

കാസർകോട് ∙ വ്യാജ ക്രെഡിറ്റ് കാർഡ് നിർമിച്ച് ഒട്ടേറെപ്പേരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി ഉൾപ്പെടെ ആറു പേർ പുണെയിലും കാസർകോടുമായി പിടിയിൽ. കാസർകോട് തളങ്കര സ്വദേശി ന്യൂമാൻ (24) ഉൾപ്പെടെ നാലു പേർ പുണെയിലും കർണാടക വിട്‌ല സ്വദേശികളായ ബി.ബഷീർ, എൻ.ഹംസ എന്നിവർ കാസർകോട്ടുമാണു പിടിയിലായത്.

പുണെയിൽ പിടിയിലായ സംഘത്തിന്റെ പക്കൽ നിന്നു വ്യാജ ക്രെഡിറ്റ് കാർഡ് നിർമാണയന്ത്രം, ക്രെഡിറ്റ് കാർഡ് സ്വൈപ്പിങ് മെഷീൻ, നൂറിലേറെ വ്യാജ ക്രെഡിറ്റ് കാർഡുകൾ, വാഹനം എന്നിവ പൊലീസ് പിടിച്ചെടുത്തു. കാസർകോട്ട് പിടിയിലായവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഇവരുടെ സംഘത്തിൽപ്പെട്ട മുഹമ്മദ് സാബിദ് (29) കഴിഞ്ഞ ആഴ്ച കൊച്ചിയിൽ അറസ്റ്റിലായിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന ന്യൂമാന്റെ നേതൃത്വത്തിലാണു തട്ടിപ്പു നടത്തിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ദുബായിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടെ നൂറിലേറെ ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഇവർ ചോർത്തുകയായിരുന്നു. ഒട്ടേറെ മലയാളികളുടെ കാർഡ് വിവരങ്ങളും ചോർന്നിട്ടുണ്ട്.

സൂപ്പർ മാർക്കറ്റിലെ കാർഡ് സ്വൈപ് മെഷീനുമായി ബന്ധിപ്പിച്ചു മറ്റൊരു മെഷീൻ സ്ഥാപിച്ചാണ് ഇവർ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തിയത്. ഇടപാടുകാർ സാധനങ്ങൾ വാങ്ങിയശേഷം യഥാർഥ മെഷീനിൽ കാർഡ് സ്വൈപ് ചെയ്യുമ്പോൾ അതിലെ വിവരങ്ങൾ രണ്ടാമത്തെ മെഷീനിലേക്കു കൂടി പകർത്തപ്പെടും. ഈ വിവരങ്ങൾ ഉപയോഗിച്ചു വ്യാജ ക്രെഡിറ്റ് കാർഡ് ഉണ്ടാക്കി. ‘ഡിസ്‌കവർ’ എന്ന പേരിൽ, യുഎസിലെ സ്വകാര്യ ബാങ്കിന്റേതെന്ന വ്യാജേനയുള്ള കാർഡ് ആണ് ഇവർ നിർമിച്ചത്.

നാട്ടിലെത്തിയ ശേഷം കാസർകോട്, എറണാകുളം എന്നിവിടങ്ങളിൽ തട്ടിപ്പു നടത്തിയ ന്യൂമാനും മറ്റു മൂന്നു പേരും പിന്നീടു പുണെയിലേക്കു പോവുകയായിരുന്നു. പുണെയിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായ ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ കാസർകോട് പൊലീസ് തുടങ്ങി.

കാസർകോട്ട് പിടിയിലായ ബി.ബഷീർ, എൻ.ഹംസ എന്നിവരാണു ക്രെഡിറ്റ് കാർഡ് നിർമാണത്തിനു സഹായം ചെയ്തത്.

റുമേനിയയിൽ നിന്ന് ഒരുമിച്ചു പദ്ധതിയിട്ടാണു അഞ്ചംഗ സംഘം വിവിധ ദിവസങ്ങളിലായി മുംബൈയിൽ എത്തിയതെന്ന് തിരുവനന്തപുരത്തെ എടിഎം കവർച്ച കേസിൽ പിടിയിലായ മരിയൻ ഗബ്രിയേൽ മൊഴി നൽകി. മുംബൈയിലെ എടിഎമ്മുകളിലെ തിരക്കു കാരണം കേരളത്തിലേക്ക് എത്തുകയായിരുന്നു. നഗരത്തിലെ അൻപതിലേറെ എടിഎമ്മുകൾ പരിശോധിച്ചു. റൗട്ടർ ഘടിപ്പിക്കാൻ ഏറ്റവും സൗകര്യം ആൽത്തറയിലെ എടിഎമ്മിൽ മാത്രമായിരുന്നു. ആദ്യം ഒരു ക്യാമറ സ്ഥാപിക്കുകയും പിറ്റേന്ന് ഇത് ഇളക്കിമാറ്റി മറ്റൊന്നു വച്ചു. ബാറ്ററിയുടെ ചാർജ് തീരുന്നതിനാൽ ഇങ്ങനെ ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടം ക്യാമറ മാറ്റി.

NO COMMENTS

LEAVE A REPLY