ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂൾ യു.പി ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി

12

‘സർ എപ്പോഴാ ഞങ്ങടെ കുടി കാണാൻ വരിക,’ ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂളിലെ വിദ്യാർഥിനി സേതുലക്ഷ്മിയുടെ നിഷ്‌കളങ്ക ചോദ്യം കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദ്യമായി ചിരിച്ചു. കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായ ത്തായ ഇടുക്കി, ഇടമലക്കുടിയിലെ ട്രൈബൽ എൽ.പി സ്‌കൂളിലെ കുട്ടികൾ മുഖ്യമന്ത്രിയെ നിയമസഭാ ഹാളിൽ സന്ദർശിക്കാനെത്തി യതായിരുന്നു വ്യാഴാഴ്ച. ‘ഞങ്ങൾക്ക് കളിക്കാൻ മൈതാനം വേണം’ എന്നതായിരുന്നു നാലാം ക്ലാസുകാരൻ ബാലമുരുഗന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ കടമകൾ എന്തെല്ലാമാണെന്നായിരുന്നു പ്രവീണിന് അറിയേണ്ടിയിരുന്നത്.

മുതുവാൻ വിഭാഗത്തിൽപ്പെട്ട ഇടമലക്കുടി സ്‌കൂളിലെ കുട്ടികളുടെ മലയാള ഭാഷാശേഷിയും പഠന മികവുകളും പൊതുസമൂഹത്തെ അറിയിക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ‘പഠിപ്പുറസി’ പദ്ധതിയുടെ വിജയപ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. കുട്ടികളുടെ ആവശ്യമായ മൈതാനത്തിന് പകരം അതിലും വലിയ ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്; ഇടമലക്കുടിയിലെ ഏക സ്‌കൂളായ ട്രൈബൽ എൽ.പി, യു.പി ആയി ഉയർത്തുമെന്ന്. നിറഞ്ഞ കരഘോഷത്തോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രഖ്യാപനത്തെ വരവേറ്റു.

‘ഇടമലക്കുടിയിൽ നിങ്ങൾക്ക് കളിക്കാൻ സ്ഥലം ഇല്ലാതെ വരുന്ന അവസ്ഥ സാധാരണ നിലയ്ക്ക് ഇല്ല. ഈ പ്രായത്തിലുള്ള കുട്ടികൾ എവിടെ കളിക്കുന്നോ അതാണ് കളിസ്ഥലം. കേരളത്തിൽ ഒരു എൽ.പി സ്‌കൂളിനും സ്വന്തം മൈതാനമില്ല എന്ന കാര്യം കൂടി ഓർക്കണം. നിങ്ങൾക്ക് ഏറ്റവും ആവശ്യം അതിലും പ്രധാനപ്പെട്ട ഒന്നാണ്. എൽ.പി കഴിഞ്ഞാൽ അവിടെ പഠിക്കാൻ സൗകര്യമില്ല. ഇത് പരിഹരിക്കാൻ നിങ്ങളുടെ സ്‌കൂൾ യു.പി ആയി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും, ‘ മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ഉടൻ ചെയ്യാമെന്ന് പരിപാടിയിൽ അധ്യക്ഷ വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

ഇടമലക്കുടി ഭൂമിശാസ്ത്രപരമായി തികച്ചും ഒറ്റപ്പെട്ട പ്രദേശമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016 ൽ സർക്കാർ അധികാരത്തിൽ വന്നശേഷം അവിടെ നിരവധി പ്രവൃത്തികൾ നടത്തിവരികയാണ്. ഇടമലക്കുടിയിലേക്കുള്ള റോഡിന് ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് വരികയാണ്, ‘ മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ കളി സ്ഥലം പരിമിതമാണെങ്കിൽ വേറെ സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കൊടുക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മുതുവാൻ വിഭാഗത്തിലെ 30 കുട്ടികളും 14 രക്ഷിതാക്കളുമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഓരോ കുട്ടിയേയും റോസാപ്പൂ നൽകി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രശാന്ത് എന്ന വിദ്യാർഥിയോട് മലയാള പാഠഭാഗം വായിക്കാനും ആവശ്യപ്പെട്ടു. ‘ഉച്ചത്തിൽ വായിക്ക്… കേൾക്കട്ടെ…’ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചു. മികച്ച രീതിയിൽ വായിച്ച പ്രശാന്തിനെ കരം ഗ്രഹിച്ച് അഭിനന്ദിക്കാനും പിണറായി വിജയൻ മറന്നില്ല. അധ്യാപകർക്കുള്ള പ്രശംസാപത്രവും കുട്ടികൾക്കുള്ള സമ്മാനവും മധുരവും മുഖ്യമന്ത്രി കൈമാറി.

ലിപിയില്ലാത്ത, മുതുവാൻ ഭാഷ മാത്രം അറിയുന്ന ഗോത്ര വിദ്യാർഥികളെ മലയാളം പഠിപ്പിക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ പ്രത്യേക പദ്ധതിയാണ് ‘പഠിപ്പുറസി’. മുതുവാൻ ഭാഷയിൽ തന്നെ ആദ്യ പാഠങ്ങൾ തയ്യാറാക്കുകയും തുടർ പാഠങ്ങളിലൂടെ പരിശീലിപ്പിച്ച് കുട്ടികളെ മലയാള ഭാഷ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നു. മുതുവാൻ ഭാഷയിൽ ഉരസി എന്ന വാക്കിന് രുചി എന്നാണ് അർഥം. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY