ബോളിവുഡ് നടി – സൈറ വസീം അഭിനയം നിറുത്താൻ തീരുമാനിച്ചു. ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചത്

272

നിതേശ് തിവാരിയൊരുക്കിയ ആമിര്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ ബോളിവുഡ് നടി സൈറ വസീം അഭിനയം നിര്‍ത്തുകയാണ് .

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയില്‍ നിന്നുവിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് സൈറ പറയുന്നു. ‘ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോളും യുവാക്കള്‍ക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു’,സൈറ കുറിപ്പില്‍ പറയുന്നു.

എന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും എനിക്ക് സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടില്ല. ഒരുപാട് സ്നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, എന്നാല്‍ ഇത്എന്നെ അജ്ഞതയിലേക്ക് നയിച്ചു. ബോധപൂര്‍വമല്ലാതെ ഞാന്‍എന്റെ വിശ്വാസത്തില്‍ നിന്നും അകന്നു. എന്റെ വിശ്വാസത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന ജോലിയില്‍ ഞാന്‍ തുടര്‍ന്നപ്പോള്‍ എന്റെ മതവുമായും അള്ളാഹുവു മായുള്ള എന്റെ ബന്ധത്തിനത് ഭീഷണിയായി.

ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് എന്നെ ബാധിക്കുന്നില്ലെന്നും എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി’,സൈറ കുറിച്ചു.

ഖുറാനും അള്ളാഹുവിന്റെമാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും കുറിപ്പിലൂടെ സൈറ പറഞ്ഞു. വിജയങ്ങളോ, പ്രശസ്തിയോ , അധികാരമോ, സമ്പത്തോ ഒരുവൻറെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും പറഞ്ഞുകൊണ്ടാണ് സൈറ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദംഗലിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ താരമാണ് സൈറ. നേരത്തെ വിഷാദരോഗത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി സൈറ രംഗത്ത് വന്നിരുന്നു. ആത്മഹത്യയെക്കുറിച്ച്‌ പോലും ചിന്തിച്ചിരുന്നുവെന്നും വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ പറഞ്ഞിരുന്നു.പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിക്കുന്ന സ്‌കൈ ഈസ് പിങ്കിലാണ് സൈറ ഒടുവില്‍ വേഷമിട്ടത്.

NO COMMENTS