ഡോക്ക്ലാം : ചൈനയുടെ അവകാശവാദം തള്ളി ഭൂട്ടാന്‍

169

ന്യൂഡല്‍ഹി: ഡോക്ലാമിന്റെ പേരില്‍ ഇന്ത്യക്കെതിരെ ചൈന പോര്‍വിളി തുടരുന്നതിനിടെ ചൈനീസ് വാദം തള്ളി ഭൂട്ടാന്‍. സിക്കിം മേഖലയിലെ ഡോക്ലാം തങ്ങളുടെ ഭാഗമല്ലെന്ന് ഭൂട്ടാന്‍ വ്യക്തമാക്കിയതായി ചൈനീസ് വിദേശ കാര്യമന്ത്രാലയം അവകാശപ്പെട്ടിരുന്നു. ചൈനയുടെ ഈ അവകാശവാദമാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ തള്ളിയത്. ഡോക്ലാമിന്റെ പേരിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ജൂണ്‍ 29 ന് വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും ഭൂട്ടാന്‍ അറിയിച്ചു. ഡോക്ലാം ചൈനയുടെ ഭാഗമാണെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ് വെന്‍ലി കഴിഞ്ഞദിവസം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക സംഘത്തോട് പറഞ്ഞിരുന്നു. അവകാശവാദം ഉന്നയിച്ചതല്ലാതെ അതിനെ സാധൂകരിക്കുന്ന ഒരു രേഖയോ ഭൂട്ടാന്റെ അറിയിപ്പോ ഹാജരാക്കാന്‍ വാങ് വെന്‍ലിക്ക് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ജൂണ്‍ പതിനാറു മുതലാണ് ഇന്ത്യയും ചൈനയും ഡോക്ലാം വിഷയത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ എതിര്‍ക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.

NO COMMENTS