നടിയെ ആക്രമിച്ച കേസ് : അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും

173

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. അപ്പുണ്ണിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തളളിയിരുന്നു. ഇയാളെ പ്രതിചേര്‍ത്തിട്ടില്ലെന്നും ചോദ്യം ചെയ്ത ശേഷം തീരുമാനിക്കുമെന്നുമാണ് സര്‍ക്കാരും കോടതിയെ അറിയിച്ചത്. ആലുവ പോലീസ് ക്ലബില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ അപ്പുണ്ണിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ പ്രതിയല്ലെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കുറ്റംചെയ്യാത്ത തന്നെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണു പോലീസ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നു കോടതി ചോദിച്ചു. അപ്പുണ്ണിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചോദ്യം ചെയ്താലേ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കഴിയൂവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാനേജരെ പ്രതിചേര്‍ക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രണ്ടാഴ്ച മുമ്പ് ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു വിട്ടയച്ചശേഷം ഹര്‍ജിക്കാരന്‍ അജ്ഞാതവാസത്തിലാണ്. ഇതിനിടയിലാണ് ജാമ്യാപേക്ഷ െഹെക്കോടതിയിലെത്തിയത്. ഹര്‍ജി തള്ളിയതോടെ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാന്‍ ഇനി നിയമപരമായി തടസമില്ല.

NO COMMENTS