കോവിഡ് 19 – 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും

38

കാസറഗോഡ് : ജില്ലയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ പശ്ചാത്ത ലത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി. രാംദാസ് അറിയിച്ചു.

നിലവില്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളു ണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ആയിരം കിടക്കകളുള്ള ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കും.

വെന്റിലേറ്ററുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ട

വെന്റിലേറ്ററുകളുടെ കാര്യത്തിലും ഭയപെടേണ്ട സാഹചര്യം ജില്ലയിലില്ല. സര്‍ക്കാര്‍് മേഖലയില്‍ നിലവില്‍ ഒമ്പത് വെന്റിലേറ്ററുകളും സ്വകാര്യ മേഖലകളില്‍ എട്ട് വെന്റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമാണ്. അടിയന്തിര ഘട്ടങ്ങ ളില്‍ ലഭ്യമാക്കാന്‍ കരുതല്‍ ശേഖരമായി ഏഴ് വെന്റിലേറ്ററുകളും സര്‍ക്കാര്‍ മേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

രോഗികള്‍ വര്‍ധിച്ചാല്‍ ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കും

നിലവില്‍ ഉക്കിനടുക്ക കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ഐ. സി. യു സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ജില്ല ആശുപത്രിയെ പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രം ആക്കി മാറ്റും.

പത്ത് 108 ആംബുലന്‍സുകള്‍ ആണ് ജില്ലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് സ്വകാര്യ മേഖലകളിലെ അഞ്ച് ആംബുലന്‍സുകള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഇടപെട്ട് നടപടികള്‍ സ്വീകരിച്ചു.

പരവനടുക്കം എം ആര്‍ എസ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ചെമ്മനാട് പരവനടുക്കത്തുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ രണ്ട് ഹോസ്റ്റല്‍ ബ്ലോക്കുകളാണ് 250 പേരെ കിടത്തി ചികിത്സാ സൗകര്യമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആക്കി മാറ്റിയത്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്റെ കീഴിലുള്ള ട്രീറ്റ്മെന്റ് സെന്റര്‍ ആയിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുക. വിവിധ യുവജന സംഘടനകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് രണ്ടുദിവസത്തിനുള്ളില്‍ ചികിത്സാ കേന്ദ്രത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയത.് നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കിടക്കകളുള്ള ചികിത്സാകേന്ദ്രമായി മാറുകയാണ് ഈ സി. എഫ്. എല്‍.റ്റി.സി.

ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ജോലി ക്രമീകരണ അടിസ്ഥാനത്തില്‍ നിയമിച്ചു. ചട്ടഞ്ചാല്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കായിഞ്ഞിക്കയാണ് സി എഫ് എല്‍ റ്റി സി നോഡല്‍ ഓഫീസറുടെയുടെ ചുമതല. സി എഫ്എല്‍റ്റി സി ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, സി . എഫ്. എല്‍. ടി. സി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.റിജിത്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജനങ്ങളുടെ സഹകരണം ആവശ്യം

ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അഞ്ച് തവണ നിയമനത്തിനായിഅഭിമുഖം നടത്തിയിട്ടു പോലും ഡോക്ടര്‍മാരെ ലഭ്യമാകുന്നില്ല എന്നുള്ളത് മാത്രമാണ് മാനവശേഷിയുടെ കാര്യത്തില്‍ ജില്ലാ നേരിടുന്ന ഏക പ്രശ്‌നം.

ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ ജില്ലയ്ക്ക് പരിമിതികളുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയുംസംയുക്ത ഇടപെടലുകളിലൂടെ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലയ്ക്ക് കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. രോഗവ്യാപനം സാധ്യത ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

NO COMMENTS