മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചത് സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിച്ചു : രമേശ് ചെന്നിത്തല

235

തിരുവനന്തപുരം • വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ചത് സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്ര വലിയ മാറ്റം നടപ്പിലാക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടില്ല എന്നത് അമ്പരപ്പിക്കുന്നതാണ്. പ്രധാനമന്ത്രി ആവേശപൂര്‍വം പ്രസംഗിച്ചതു കൊണ്ടു മാത്രം കാര്യമില്ല, മാറ്റം കാര്യക്ഷമമായി നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പ്രകടിപ്പിക്കണമായിരുന്നു. നോട്ട് പിന്‍വലിച്ച്‌ നാലാം ദിവസമായിട്ടും പകരം ആവശ്യത്തിനു നോട്ടുകളെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും പ്രതിസന്ധിയുടെ തീവ്രത വര്‍ധിക്കുകയാണ്. ചില്ലറ നോട്ടുകള്‍ കിട്ടാനില്ലാതെ ആളുകള്‍ പരക്കം പായുന്ന അവസ്ഥയാണ്. വിശപ്പടക്കാന്‍ ഭക്ഷണം വാങ്ങാനുള്ള രൂപ പോലും കിട്ടാതെ ആളുകള്‍ വിഷമിക്കുന്നു. ബാങ്കുകള്‍ തുറന്നിട്ടുണ്ടെങ്കിലും ചില്ലറ നോട്ടുകള്‍ സ്റ്റോക്കില്ലാത്തതിനാല്‍ വിതരണം നടക്കുന്നില്ല. എടിഎമ്മുകളിലും പണമില്ല. ചെറുകിട വ്യാപാരമേഖലയും തൊഴില്‍ മേഖലയും അപ്പാടെ സ്തംഭിച്ചിരിക്കുകയാണ്. അരിയുടെയും ഭക്ഷ്യവസ്തുക്കളുടെയും വരവും നിലച്ചിരിക്കുന്നു. പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാനം രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കു വീഴുമോ എന്നും ഭയപ്പെടണം. ഒരു നല്ല കാര്യത്തിന് അല്‍പം ബുദ്ധിമുട്ടു സഹിക്കാന്‍ തയാറായ ജനങ്ങളെ പട്ടിണിക്കിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. നൂറിന്റേതടക്കം കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ അടിയന്തരമായി എത്തിച്ചില്ലെങ്കില്‍ സ്ഥിതി കൈവിട്ടു പോകുന്ന അവസ്ഥയിലെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY