ഇരുമ്പനത്തെ ടാങ്കര്‍ ലോറി സമരം തുടരും

167

ഇരുമ്പനത്തെയും ഫറോക്കിലേയും ഐഒസി ഇന്ധന പ്ലാന്‍റിലെ ടാങ്കര്‍ ലോറി സമരം തുടരും. കോഴിക്കോട് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഐഒസി അധികൃതര്‍ തള്ളിയതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ രണ്ടര മണിക്കൂറാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ഐഒസി ഇന്ധന പ്ലാന്‍റിലെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടന്നത്. അപാകതകള്‍ പരിഹരിക്കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യമാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും മുന്നോട്ടുവച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഐഒസി മാനേജ്മെന്‍റും വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടെങ്കിലും സമവായ ശ്രമം തുടരുമെന്ന് മന്ത്രി പറഞ്ഞു. ലോറികളുടെ എണ്ണം കുറച്ചതിനൊപ്പം, വാഹനത്തിന് ആനുപാതികമായി വാടകയില്‍ മാറ്റം വരുത്തിയതും, കൂടുതല്‍ ലോറി ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതുമടക്കമുള്ള തീരുമാനമാണ് ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സമരത്തിന് കാരണം. ലേബര്‍ കമ്മിഷണറും, ട്രേഡ് യൂണിയന്‍ നേതാക്കളും, ഐഒസി മാനേജ്മെന്‍റ് അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഐഒസി പ്ലാന്റില്‍ നിന്ന് ദിവസേന 560 ലോഡ് ഇന്ധനമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. സമരം ആരംഭിച്ചതോടെ ഇന്ധന നീക്കം നിലച്ചിരിക്കുകയാണ്. സമരം തുടരുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിനുള്ള സാധ്യതയും ഏറി.

NO COMMENTS

LEAVE A REPLY