സൈനിക മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

183

ന്യൂഡല്‍ഹി • ഇന്ത്യ-പാക്ക് സംഘര്‍ഷം മുറുകിനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര-നാവിക-വ്യോമ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ നിലവിലെ സുരക്ഷാ കാര്യങ്ങളും പാക്കിസ്ഥാനുള്ള തിരിച്ചടി എങ്ങനെ വേണമെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് അനൗദ്യോഗിക വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിനു പിന്നിലുള്ളവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് പ്രധാനമന്ത്രി.ആക്രമണത്തിന് പാക്ക് സൈന്യം കോപ്പുകൂട്ടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മോദി സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയതെന്നും ശ്രദ്ധേയമാണ്.ഈ മാസം പതിനെട്ടിനാണ് കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം ഉണ്ടായത്. 18 ഇന്ത്യന്‍ സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യൂവരിച്ചത്. ലഷ്കറെ തയിബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യയുടെ നിഗമനം.
പാക്ക് അധീന കശ്മീരിലുള്ള ഭീകരരുടെ ക്യാംപുകള്‍ ആക്രമിക്കുക എന്നതായിരുന്നു ആദ്യം വന്ന നിര്‍ദേശം. കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ തന്നെയാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. എന്നാല്‍, എങ്ങനെയാണ് തിരിച്ചടിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്നതാണ് ഇന്ത്യയുടെ നയതന്ത്ര നീക്കം. അതേസമയം, ഇന്ത്യയില്‍നിന്നു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഭയത്തില്‍ പാക്കിസ്ഥാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്.ഇത്തരത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളും നീക്കങ്ങളും പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. ശക്തമായ തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യം തയാറാണെന്ന് ഡിജിഎംഒ അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY