ബ്യൂട്ടീഷൻ വിസയിൽ കൊണ്ട് വന്ന പത്തനംതിട്ട സ്വദേശിനിയെ വീട്ടുവേലക്കാരി ആക്കി

341

ട്രാവൽ ഏജൻസി 2000 റിയാൽ ശമ്പളം കിട്ടുന്ന ബ്യൂട്ടീഷൻ വിസ എന്ന് പറഞ്ഞു പറ്റിച്ചു കൊണ്ട് വന്ന് ചതിച്ച് 7 മാസക്കാലം വേലക്കാരിയായി ക്രൂര പീഡനം സഹിക്കേണ്ടി വന്ന ഒരു പത്തനംതിട്ട റാന്നി സ്വദേശിനിയെ രക്ഷപ്പെടുത്തിയ സംഭവം ആണ് ഇത്. മഹദൂദിലെ ഒരു പ്ലമ്പിങ് കടയിൽ ജോലി ചെയുന്ന ഒരു ബംഗ്ലാദേശുകാരനെ തന്റെ വീട്ടിലെ പ്ലംബിംഗ് ജോലിക്കായി ഒരു സൗദി വന്നു വിളിച്ചുകൊണ്ട് പോയി. ജോലിക്കിടയിൽ ബംഗ്ലാദേശുകാരൻ അവിടെ ജോലി ചെയ്യുന്ന വേലക്കാരിയെ കണ്ടു. ആ വേലക്കാരി ആംഗ്യഭാഷയിൽ കരയുന്നത് പോലെ ദൂരെ നിന്ന് ബംഗ്ലാദേശുകാരനെ കാണിച്ചു. അവൻ തിരിച്ച് എന്താണ് എന്ന് ആംഗ്യഭാഷയിൽ ചോദിച്ചു. അപ്പോൾ അവർ കരഞ്ഞുകൊണ്ട് തൊഴുതു കാണിച്ചു. അന്നേ ദിവസം ആ ബംഗാളി താൻ ജോലിചെയ്യുന്ന കടയുടെ അടുത്തുള്ള ഒരു കടയിലെ മലയാളിയോട് ഈ വിവരം പറഞ്ഞു. ഇന്ത്യക്കാരിയാണോ എന്ന് സംശയം ഉണ്ടെന്നും പറഞ്ഞു. പിറ്റേ ദിവസവും ആ വീട്ടിൽ ജോലി ഉണ്ടായിരുന്നു. ജോലിക്കിടയിൽ ആ ബംഗാളിയെ അവൾ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു. അതിനിടയിൽ രണ്ടാം നിലയിലെ ജനാൽ പഴുതിൽ കൂടി ഒരു കഷ്ണം പേപ്പർ ചുരുട്ടി ഇട്ടു. ആരും കാണാതെ ബംഗാളി അത് എടുത്ത് പോക്കറ്റിൽ വെച്ചു. അന്ന് പണി കഴിഞ്ഞു താൻ ജോലി ചെയ്യുന്ന കടയുടെ അടുത്തുള്ള മലയാളിയുടെ അടുത്ത് ചെന്ന് ഈ പേപ്പർ കൊടുത്തു. അത് മലയാളത്തിൽ എഴുതിയിരുന്ന ഒരു ലെറ്റർ ആയിരുന്നു. അതിൽ പാസ്പോർട്ട് നമ്പർ, നാട്ടിലെ ടെലിഫോൺ നമ്പർ, അഡ്രസ്, കൊണ്ട് വന്ന ഏജൻസിയുടെ വിവരങ്ങൾ, വിസ നമ്പർ, id നമ്പർ, പ്രൊഫഷൻ എന്നിവ ഉണ്ടായിരുന്നു. അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.

” ഈ കത്ത് വായിക്കുന്നവർ എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം. 2000 റിയാൽ സാലറി ഉള്ള ബ്യൂട്ടീഷ്യൻ വിസയിൽ ആണ് ഞാൻ വന്നത്. ആ എന്നെ ഇവിടെ കൊണ്ട് വന്നു വീട്ടു വേലക്കാരി ആക്കി. ഞാൻ ആ ജോലി ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ അവർ, നിന്നെ വീട്ടുവേലക്ക് 700 റിയാലിന് ആണ് കൊണ്ട് വന്നത് എന്നും പറഞ്ഞു ഒരുപാട് ഉപദ്രവിച്ചു. എനിക്ക് ഇവിടെ ആഹാരം പോലും തരാതെ പൂട്ടി ഇട്ടിരിക്കുകയാണ്. ഞാൻ ടോയ്ലറ്റിലെ വെള്ളമാണ് കുടിക്കുന്നത് എന്നെ ഇവിടുന്നു രക്ഷിച്ചില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിച്ചുപോകും. ” എന്നായിരുന്നു. ഇത് പത്തനംതിട്ടയിൽ ഉള്ള ഒരു റാന്നി സ്വദേശിനി ആയിരുന്നു. ആ കത്ത് വായിച്ച മലയാളി എന്നെ വിളിച്ചു. എന്നിട്ട് ഈ വിവരങ്ങൾ എല്ലാം എന്നോട് പറഞ്ഞു. പിറ്റേ ദിവസം ഞാൻ അദ്ദേഹത്തെ പോയി നേരിട്ട് കണ്ടു. അദ്ദേഹം ആ കത്ത് എന്നെ ഏൽപ്പിച്ചു. അതും കൊണ്ട് ഞാൻ എന്റെ ഓഫീസിൽ വന്നു. എന്നിട്ട് വിസ നമ്പറും id നമ്പറും വച്ച് ചെക്ക് ചെയ്‌തു. എന്നിട്ട് ആ കുട്ടിയെ കൊണ്ടുവന്ന ട്രാവൽ ഏജൻസിയുടെ പേരും മറ്റ് വിവരങ്ങളും എടുത്തു. എന്നിട്ട് ആ ട്രാവൽ ഏജൻസിയിൽ ഞാൻ വിളിച്ചു. നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. ഓരാഴ്ചക്കകം ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ആ കുട്ടിയെ ചതിച്ച് കൊണ്ട് വന്നതിനു ഞാൻ എംബസി വഴി എമിഗ്രേഷൻ ആക്റ്റ് പ്രകാരം കേസ് ഫയൽ ചെയ്ത് നിങ്ങളുടെ ട്രാവൽസിന്റെ ലൈസൻസ് റദ്ദാക്കും എന്ന് പറഞ്ഞു. എന്നിട്ട് ഈ കാര്യം എല്ലാ മീഡിയയെയും ഏൽപ്പിക്കും എന്നും പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ വേണ്ടത് ചെയ്യാം എന്ന് അയാൾ പറഞ്ഞു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ തിരിച്ച് വിളിച്ചു. സൗദിയിൽ അയാളുടെ ഏജന്റ് ഉണ്ട് അയാൾ നേരിട്ട് വന്നു എന്നെ കാണും എന്നിട്ട് വേണ്ടത് ചെയ്യും എന്നദ്ദേഹം പറഞ്ഞു.

അന്ന് വൈകുന്നേരം ആ ഏജന്റ് റമാദ് ഹോട്ടലിന്റെ അടുത്ത് വന്നിട്ട് എന്നെ വിളിച്ചു. ഈ കാര്യങ്ങൾ എല്ലാം ഞാൻ അയാളോട് പറഞ്ഞിട്ട് നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ഞാൻ ചോദിച്ചു. സൗദിയുമായി വിളിച്ച് സംസാരിച്ചിട്ട് എന്നെ വിളിക്കാം എന്ന് അയാൾ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഇപ്പോൾ വിളിക്കാൻ. അപ്പോൾ അയാൾ വിളിച്ചു. എന്നിട്ട് ഫോൺ എന്റെ കയ്യിൽ തന്നു. ഞാൻ വാങ്ങി സലാം പറഞ്ഞു. എന്നിട്ട് പറഞ്ഞു ബ്യൂട്ടീഷ്യൻ വിസയിൽ കൊണ്ട് വന്ന് വേലക്കാരി ആക്കിയ കുട്ടിയെ നാളെ തന്നെ എംബസ്സിയിൽ ഹാജരാക്കണം എന്ന്. അത് ചെയ്തില്ലെങ്കിൽ ആ കുട്ടിയെ വീട്ടിൽ ഇട്ടു പീഡിപ്പിക്കുന്നതിനു ഫോറിൻ മിനിസ്ട്രിയിൽ പരാതി കൊടുക്കും എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ സൗദി ഫോൺ കട്ട് ചെയ്തു. പിന്നെ വിളിച്ചിട് ഫോൺ എടുത്തില്ല. എംബസ്സിയിൽ പരാതി നൽകിയിട്ട് പിറ്റേ ദിവസം സൗദിയെ കാണാൻ പോകാൻ ഞാൻ തീരുമാനിച്ചു. ഇതിനിടക്ക് ഞാൻ ആ കുട്ടിയുടെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നിട്ട് ഞാൻ എംബസ്സിയിൽ പോയി ഈ വിവരങ്ങൾ വച്ച് ശർമ്മ സാറിന് ഞാൻ പരാതി നൽകി. എന്നിട്ട് ഇന്ന രീതിയിൽ ഒക്കെ സൗദിയുമായി ഞാൻ സംസാരിച്ചു എന്നും പറഞ്ഞു. ഏജന്റ് ഒരു 11 മണിയാകുമ്പോൾ ദാഹിൽമഹദൂദിൽ (സൗദിയുടെ വീട് ഉള്ള സ്ഥലം) വരാം എന്ന് പറഞ്ഞു. അങ്ങോട്ടേക്ക് പോകുന്ന വഴിക്ക് എനിക്ക് ഒരു കാൾ വന്നു. വളരെ സന്തോഷം ഉള്ള വാർത്തയായിരുന്നു അത്. അന്ന് വെളുപ്പിന് 3 മണിക്ക് കൊച്ചിയിലേക്ക് ഉള്ള സൗദി എയർലൈൻസ് ഫ്ലൈറ്റിൽ ആ കുട്ടിയെ കയറ്റി വിട്ടു എന്ന് പറഞ്ഞു. ഈ വിവരം എന്നെ വിളിച്ച് പറഞ്ഞത് ആ കുട്ടിയുടെ വീട്ടിൽ നിന്നാണ്. ആ കുട്ടിക്ക് ശമ്പളം കൊടുക്കേണ്ടി വരും എന്ന് കരുതിയിട്ടാണോ അതോ ഇത് കേസാകും എന്ന് ഭയന്നത് കൊണ്ടാണോ എന്നറിയില്ല എന്തായാലും ഒരൊറ്റ ഫോൺ കോളിൽ കാര്യങ്ങൾക്ക് ഒരു തീരുമാനം ആയി. വീട്ടിലെത്തിയിട്ട് ആ കുട്ടി എന്നെ വിളിച്ചു. നേരിട്ട പീഡനങ്ങൾ ഒക്കെ പറഞ്ഞു. ആ ട്രാവൽ ഏജൻസിയിൽ ചെന്ന് നഷ്ടപരിഹാര തുക ചോദിക്കണം എന്ന് ഞാൻ പറഞ്ഞു. പിന്നീട് എന്തായി എന്നെനിക്ക് അറിയില്ല. ചെറിയ ചില വാക്കുകൾ മതി വലിയൊരു പ്രശ്നത്തെ പരിഹരിക്കാൻ.

NO COMMENTS