ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി

200

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്‍റെ കാലാവധി തീരാറായെന്നും മമത പറഞ്ഞു. ബംഗാള്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ. ഇത് ബംഗാളാണ്.

അതേ സമയം കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. ഈ നിരാഹര സമരത്തിനിടെയാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന. മമതയെ പിന്തുണച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ് മമത നിലപാട് വ്യക്തമാക്കി.കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ താഴെയിറക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കും. സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച്‌ നടത്തുന്ന സത്യഗ്രഹ സമരത്തിനിടെയായിരുന്നു അവരുടെ പരാമര്‍ശങ്ങള്‍.

മോദി സര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ‘ധിക്കാര്‍’ റാലി നടത്തുമെന്നും മമത അറിയിച്ചു. സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത രാത്രി മുഴുവന്‍ ഉറക്കമിളച്ചു. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്.

എന്നാല്‍ മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും ആരോപിച്ച്‌ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കി.അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി.

അതേസമയം സിപിഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമര്‍ശിച്ചു. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസില്‍ ഇപ്പോള്‍ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാന്‍ തൃണമൂലും നാടകം കളിക്കുകയാണെന്ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സിബിഐയെ ജോലി ചെയ്യാന്‍ അനവദിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം.

ചിട്ടി തട്ടിപ്പ്കേസിലെ അന്വേഷണം ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞുവെന്ന പരാതിയുമായാണ് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിലെ തെളിവുകള്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നും ഇടക്കാല സിബിഐ ഡയറക്ടര്‍ എം.നാഗേശ്വര റാവു ആരോപിച്ചു.

NO COMMENTS