ഹെൽമെറ്റ് ഇല്ലെങ്കിൽ പിഴ 100 രൂപ; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ

158

തിരുവനന്തപുരം : ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ, അവ ഇല്ലെങ്കിൽ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

മോട്ടോർവാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളിൽ കണ്ടക്ടർ ലൈസൻസും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണം. അപകടകരമായ വസ്തുക്കൾ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മേൽവിവരിച്ച രേഖകൾക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങൾ, ടൂൾബോക്‌സ്, മരുന്നുകൾ എന്നിവയും വാഹനത്തിൽ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂർണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തിൽ സൂക്ഷിച്ചിരിക്കണം. കൂടാതെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൾ റൂൾ 9 പ്രകാരമുളള ലൈസൻസ് ഉണ്ടായിരിക്കണം.

രജിസ്‌ട്രേഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകർപ്പോ വാഹനത്തിൽ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനൽ ഇല്ലെങ്കിൽ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കിയാൽ മതി. രേഖകൾ കൈവശമില്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിർദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ.

നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ വാഹനം ഓടിച്ചാൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 180 പ്രകാരം വാഹനത്തിന്റെ ചുമതലയുളള ആളിൽ നിന്നോ ഉടമയിൽ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്‌ക്കോ ശിക്ഷിക്കാം. മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 182 പ്രകാരം ലൈസൻസ് അയോഗ്യമാക്കപ്പെട്ടയാൾ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും.അമിതവേഗത്തിൽ വാഹനമോടിച്ചാൽ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവർത്തിച്ചാൽ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാൽ മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 184 പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള നടപടിയും സ്വീകരിക്കാം. മൂന്നുവർഷത്തിനകം ഇതേകുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 190 പ്രകാരം വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാൽ 1000 രൂപ പിഴയും അപകടകരമായ രീതിയിൽ ചരക്ക് കൊണ്ടുപോയാൽ 3000 രൂപ പിഴ അല്ലെങ്കിൽ ഒരു വർഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവർഷം തടവോ ആയി മാറും. ഈ നിയമത്തിലെ 191 ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂർവസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഹാജരാക്കുകയും വേണം.രജിസ്‌ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ ഈ നിയമത്തിലെ 192 ാം വകുപ്പ് പ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിൽ പിഴയോ ഈടാക്കാം. ചരക്കുവാഹനങ്ങളിൽ ആദ്യത്തെ ഒരു ടൺ വരെയുളള അമിതഭാരത്തിന് 2000 രൂപയും പിന്നീടുളള ഓരോ ടണ്ണിനും 1000 രൂപ വീതവും പിഴയാണ് ശിക്ഷ. അമിതഭാരം വാഹനത്തിൽ നിന്ന് ഇറക്കിക്കാനും ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള നടപടി സ്വീകരിക്കാനും മോട്ടോർവാഹന ആക്ട് വകുപ്പ് 194ൽ വ്യവസ്ഥയുണ്ട്.

ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപയും ഹെൽമെറ്റ് ഇല്ലെങ്കിൽ 100 രൂപയും മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപയും പിഴ ഈടാക്കാം.

NO COMMENTS