36 ഭാഷയിലെ പാട്ടുകൾ പാടി പൂജ പ്രേം. ഗിന്നസ് റെക്കോർഡിലേക്ക്

508

റെക്കോർഡ് ബുക്കിലേക്കു ചുവടുവയ്ക്കുകയാണു പൂജ പ്രേം. ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യവുമായി ഇന്നലെ പൂജ പാടിയതു 36 പാട്ടുകൾ. അതും വ്യത്യസ്ത ഭാഷകളിൽ. പാട്ടുകളെല്ലാം കാണാതെ പാടിയെന്നത് മറ്റൊരു പ്രത്യേകത.

എറണാകുളം ടൗൺ ഹാളിൽ വൈകിട്ട് ആറിന് ആരംഭിച്ച ഈ റെക്കോർഡ് പാട്ടുപാടൽ അവസാനിച്ചത് രാത്രി ഒൻപതോടെ. ലോക റെക്കോർ‍ഡ് സ്വന്തമാക്കാൻ 32 പാട്ടുകൾ മതിയായിരുന്നെങ്കിലും 36 പാട്ടുകൾ പാടിയാണു പൂജ അവസാനിപ്പിച്ചത്.

അർമേനിയൻ, സ്പാനിഷ്, പോർച്ചുഗീസ്, അറബിക്, ജർമൻ, ഫ്രഞ്ച്, മലയ തുടങ്ങിയ ലോക ഭാഷകളും പഞ്ചാബി, മറാഠി, ബംഗാളി, കന്നഡ, തെലുങ്ക്, സംസ്കൃതം തുടങ്ങിയ ഇന്ത്യൻ ഭാഷകളും പിന്നെ നമ്മുടെ സ്വന്തം മലയാളവുമെല്ലാം പാട്ടുകളായെത്തി. യുആർഎഫ് വേൾഡ് റെക്കോർഡ്, റെക്കോർഡ് സെറ്റർ യുഎസ്എ എന്നിവയുടെ അംഗീകാരം ഇതിനകം പൂജയ്ക്കു ലഭിച്ചിട്ടുണ്ട്.

ഗിന്നസ്, ലിംക അധികൃതർ ഇന്നലെ പരിപാടിക്കെത്തിയിരുന്നു. പാട്ടുകൾ തുടർ പരിശോധനകൾ നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക. ഭാഷ, വാക്കുകളുടെ ഉച്ചാരണം തുടങ്ങിയവയെല്ലാം പരിശോധിക്കേണ്ടതുണ്ട്. വർഷങ്ങളായി ഈ നേട്ടത്തിനുള്ള ശ്രമത്തിലായിരുന്നു പൂജ. പാട്ടുകൾ പഠിച്ചെടുക്കാമെങ്കിലും അവ മനഃപാഠമാക്കുകയായിരുന്നു ഏറെ പ്രയാസം.

ഇതിനോടകം അറുന്നൂറിലേറെ പാട്ടുകൾ കാണാതെ പഠിച്ചു കഴിഞ്ഞു പൂജ. ഇടവേളകളൊന്നുമില്ലാതെ പൂജ പാടുന്നതു കേൾക്കാൻ ഒട്ടേറെപ്പേരാണ് എത്തിയത്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ഈ മിടുക്കി. യുഎഇ എക്സ്ചേഞ്ച് എംഡി വി. ജോർജ് ആന്റണിയാണു സംഗീത പരിപാടി ഉദ്ഘാടനം ചെയ്തത്.

കോർപറേഷൻ ഡപ്യൂട്ടി മേയർ ടി.ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു. എംഎൽഎമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ തുടങ്ങിയ പ്രമുഖർ ആശംസകളുമായി എത്തി.

NO COMMENTS

LEAVE A REPLY