മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

270

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനു നേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീടിന് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആദ്യമെടുത്ത നടപടി പോലീസ് തലപ്പത്തെ അഴിച്ച് പണിയാണ്. ഡിജിപി ആയിരുന്ന സെന്‍കുമാറിനെ മാറ്റി ബഹ്‌റയെ നിയമിച്ചു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയിയെ സമീപിച്ചു. ഇതോടെയാണ് ഇടത് പക്ഷ യുവജന സംഘടനകള്‍ സെന്‍കുമാറിനെതിരെ തിരിഞ്ഞത്. തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് ടി.പി. സെന്‍കുമാറിന്റെ ആരോപണം. രാഷ്ട്രീയ കൊലപാതക കേസ്സുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും സെന്‍കുമാര്‍ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികളില്‍ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെന്‍കുമാര്‍ അപ്പീലില്‍ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY