സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെ ; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

14

തിരുവനന്തപുരം: സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയെന്നും ‘1921 ലെ മലബാറിലെ മാപ്പിള കലാപത്തില്‍ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാ ണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു .

മലബാര്‍ കലാപത്തില്‍ പങ്കെടുത്ത വാരിയംകുന്നത്ത് ഹാജി ഉള്‍പ്പടെയുള്ളവരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കുന്നതിനെതിരെയും ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

വി.ഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1921 ലെ മലബാറിലെ മാപ്പിള കലാപത്തില്‍ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്.

ഏതൊരു ഏകാധി പതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ കൊല്ലാന്‍ വിധിച്ചപ്പോള്‍, മരണസമയത്ത് തന്റെ കണ്ണുകള്‍ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിര്‍ഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്.

ജയിലില്‍ നിന്ന് മോചിതനാവാന്‍ ആറ് മാപ്പപേക്ഷ നല്‍കിയവരുടെ പിന്മുറക്കാര്‍ക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും ഓര്‍മ്മകള്‍ പോലും ഭയമാണ് ഉണ്ടാക്കുന്നത്. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടേത് പോലെ ആയിരക്കണക്കിന് ചെറുത്തുനില്‍പ്പുകളും, ശ്രീ നാരായണ ഗുരുവും, മഹാത്മാ അയ്യങ്കാളിയും തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ടു വച്ച സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചെറു അരുവികള്‍ പോലെ ഒഴുകിയെത്തിയാണ് ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്.

അന്ന് ബ്രിട്ടീഷിന്റെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതെയാക്കാന്‍ ശ്രമിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയതിനു ശേഷം ഖിലാഫത് സര്‍ക്കാരിന്റെ രേഖകള്‍ മുഴുവന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീയിട്ടു നശിപ്പിച്ചു എന്നാണ് ചരിത്രകാരനായ ഹുസൈന്‍ രണ്ടത്താണി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്ത ജോലി ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണ്.

NO COMMENTS