പാക് സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് രാജ്യം വിടുന്നതിന് വിലക്ക്

171

ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈന്യവും സര്‍ക്കാരും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡോണ്‍ പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായ സിറില്‍ അല്‍മേഡക്കാണ് പാകിസ്താന്‍ വിടുന്നതിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണില്‍ സൈന്യവും സര്‍ക്കാരും ഭിന്നതയിലാണെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പാക് സൈന്യത്തിന്റെ പിന്തുണ ലഭിക്കുന്നതാണ് അന്താരാഷ്ട്ര തലത്തില്‍ രാജ്യം ഒറ്റപ്പെടാന്‍ കാരണമെന്നും സര്‍ക്കാര്‍ സൈന്യത്തെ കുറ്റപ്പെടുത്തിയെന്നുമുള്ള വാര്‍ത്ത ഒന്നാം പേജില്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തിയിലുള്ള കാര്യങ്ങള്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിഷേധിച്ചിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയതിന് ഡോണ്‍ പത്രത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഷെരീഫ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഡോണിന്റെ അസിസ്റ്റന്റ് എഡിറ്ററെ രാജ്യം വിടുന്നത് വിലക്കിയിരിക്കുന്നത്. പത്രത്തിന്റെ റിപ്പോര്‍ട്ടിനെതിരെ പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്, ധനമന്ത്രി ഇസ്ഹാഖ് ധാര്‍, ആഭ്യന്തര മന്ത്രി നിസാര്‍ അലിഖാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, ഐ.എസ്.ഐ മേധാവി റിസ്വാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്ന് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.

NO COMMENTS

LEAVE A REPLY