സിന്ധുനദീജല കരാര്‍ : കോടതിയെ സമീപിക്കുമെന്ന് പാകിസ്താന്‍

140

ന്യൂഡല്‍ഹി: സിന്ധുനദീജല ഉടമ്ബടി ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്താന്‍.
പാകിസ്താന്‍ പാര്‍ലമെന്റില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.അന്താരാഷ്ട്ര നിയമമനുസരിച്ച്‌ ഇന്ത്യക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാനാവില്ല. കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിരുന്നില്ലെന്നും സര്‍താജ് അസീസ് ഓര്‍മിപ്പിച്ചു.കശ്മീര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച്‌ പാകിസ്താന്‍ 56 രാജ്യങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പാകിസ്താനെ സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമായാണ് സിന്ധുനദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയത്.
ഉറിയിലെ കരസേനാകേന്ദ്രത്തിനുനേരേനടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കാന്‍ പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് സിന്ധുനദീജല ഉടമ്ബടി റദ്ദാക്കണമെന്നെ ആവശ്യമുയര്‍ന്നത്.എന്നാല്‍ ഉടമ്ബടി റദ്ദാക്കാന്‍ പലകാരണങ്ങളാലും ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ട്. മറ്റുതന്ത്രങ്ങളാണ് ഇന്ത്യ മെനയുന്നത്. നദീജല ഉടമ്ബടി റദ്ദാക്കില്ല. പകരം ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന നദികളില്‍നിന്നുള്ള ജല ഉപയോഗം പരമാവധി വര്‍ധിപ്പിക്കും. സിന്ധു, ചിനാബ്, ഝലം എന്നീ നദികളിലെ ജലത്തിന്റെ ഉപയോഗമാണ് വര്‍ധിപ്പിക്കുന്നത്. ജലസേചനത്തിനടക്കം ഈ നദികളിലെ ജലത്തെ കാര്യമായി ആശ്രയിക്കുന്ന പാകിസ്താനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.1960-ല്‍ ലോകബാങ്ക് മുന്‍കൈയെടുത്താണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല ഉടമ്ബടി ഉണ്ടാക്കിയത്. അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും പാകിസ്താനിലെ പട്ടാള ഭരണാധികാരിയായിരുന്നു ജനറല്‍ അയൂബ് ഖാനുമാണ് ഉടമ്ബടിയില്‍ ഒപ്പിട്ടത്. ഉടമ്ബടിപ്രകാരം ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന നദികളില്‍ ബിയാസ്, രവി, സത്ലജ് എന്നിവയുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ചിനാബ്, ഝലം എന്നിവയുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു.സിന്ധുനദിയുടെ 20 ശതമാനം ജലമാണ് ഇന്ത്യക്ക് ഉടമ്ബടിപ്രകാരം ഉപയോഗിക്കാന്‍കഴിയുന്നത്.ഈ ഉടമ്ബടിയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഉപയോഗപ്പെടുത്താതിരുന്ന ഒരു വ്യവസ്ഥയെക്കുറിച്ചാണ് ഇന്ത്യ ഇപ്പോള്‍ ആലോചിക്കുന്നത്. സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം കൂടുതലായി ഉപയോഗപ്പെടുത്തിയാല്‍ ജമ്മുകശ്മീരിലെ ആറുലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താന്‍ കഴിയും. ജമ്മുകശ്മീര്‍ വളരെക്കാലമായി ഈയാവശ്യം ഉന്നയിച്ചുവരികയാണ്. നദീജലത്തിന്റെ ഒഴുക്ക് പൂര്‍ണമായി തടസ്സപ്പെടുത്തിയാല്‍ പാകിസ്താനില്‍ വന്‍ പ്രതിസന്ധിക്ക് കാരണമാകും.പക്ഷേ, ഇങ്ങനെ തടസ്സപ്പെടുത്തുന്നത് ജമ്മുകശ്മീരിലും പഞ്ചാബിലും വെള്ളപ്പൊക്കത്തിന് കാരണമാകും. അതിനാല്‍ അത്തരമൊരു നീക്കമുണ്ടാവില്ല. ചിനാബ് നദിയില്‍ മൂന്നു അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള നീക്കം ഇന്ത്യ ത്വരപ്പെടുത്തും. ഈ നീക്കങ്ങളെല്ലാം സമയമെടുക്കുന്നതാണ്. സിന്ധുനദീജല ഉടമ്ബടിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചൈനയുടെ നിലപാടും ഇന്ത്യ നിരീക്ഷിച്ചുവരികയാണ്.

NO COMMENTS

LEAVE A REPLY