ഇന്ന് കര്‍ക്കടക വാവ്; പിതൃപുണ്യം തേടി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തും

214

തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്. മരണത്തിലേക്ക് അദൃശ്യരായി മറഞ്ഞുപോയ പൂര്‍വ്വികരുടെ ഓര്‍മ്മ ദിനം. മരിച്ചവരുടെ കരച്ചില്‍ പോലെ നിര്‍ത്താതെ പെയ്യുന്ന മഴയുടെ ഇടയിലൂടെ, പിതൃപുണ്യത്തിനായി ലക്ഷോപലക്ഷം മലയാളികള്‍ ഇന്ന് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തും. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.
തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര, ആലുവ ശിവരാത്രി മണപ്പുറം,വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.
ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി എല്ലാ കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തര്‍പ്പണം നടത്താന്‍ പതിനായിരങ്ങള്‍ ആലുവയിലേക്ക് ഒഴുകിത്തുടങ്ങി. ദക്ഷിണകാശിയെന്നറയിപ്പെടുന്ന വയനാട് തിരുനെല്ലിയിലും ഇത്തവണ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും ഒത്തുചേര്‍ന്നാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. പോലീസ് ഫയര്‍ഫോഴ്സ് ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ 24 മണിക്കൂര്‍ സേവനം ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.
തിരുനെല്ലി ക്ഷേത്രത്തില്‍ ഇരുപതു കാര്‍മ്മികരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. ഇത്തവണ മഴകുറവായതിനാല്‍ കൂടുതല്‍ ഭക്തരെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ. പുലര്‍ച്ചെ 2.30 ഓടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മുന്‍കാലങ്ങളെക്കാള്‍ വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് മാത്രമാണ് സര്‍വീസ് നടത്തുക. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങളോഴികെയുള്ളവ കാട്ടികുളത്ത് പാര്‍ക്കുചെയ്ത് കെഎസ്ആര്ടിസിക്ക് യാത്ര തുടരണം. ഡി റ്റി പി സിയുടെ തിരുനെല്ലിയിലുള്ള വിശ്രമ കേന്ദ്രം തീര്‍ത്ഥാടകരുടെ ഉപയോഗത്തിനായി വിട്ടു നല്‍കും.
രാവിലെയും രാത്രിയിലും ദേവസ്വം സൗജന്യ ഭക്ഷണം വിതരണം ചെയ്യും. ബലിതര്‍പ്പണം ഉച്ചവരെ ഉണ്ടാകും.