അഞ്ചേരി ബേബി വധക്കേസ് : മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജിയില്‍ നാളെ വിധി പറയും

197

ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ നാളെ വിധി പറയും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്‍മേലും നാളെ തീരുമാനമുണ്ടാകും. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് വൈദ്യുതിവകുപ്പ് മന്ത്രിയായ എം.എം. മണി. മണി ഉള്‍പ്പെടെയുള്ളവര്‍ സിപിഎം രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ നടത്തിയ ഗൂഡാലോചനക്കൊടുവിലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടതെന്നാണ് കേസ്. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മണിയും മറ്റ് പ്രതികളായ ഒ.ജി.

മദനനും പാമ്ബുപാറ കുട്ടനും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായിരുന്നു. തൊടുപുഴ സെഷന്‍സ് കോടതിയാണ് ഇതിന്‍മേല്‍ വിധി പറയുന്നത്. 1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 88ല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടു. ഹൈക്കോടതി ഇത് ശരിവെക്കുകയും ചെയ്തു. 2012ല്‍ മണക്കാട് എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് രണ്ടാമത് കേസ് രജിസ്റ്റര്‍ ചെയ്ത് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യകേസില്‍ പ്രതികളായിരുന്നവരെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ രണ്ടാമത്തെ കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് മണിയുടെ വാദം. മണിക്കൊപ്പം ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എ.കെ. ദാമോദരന്‍ എന്നിവരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്‍മേലും കോടതി വിധി പറയും.

NO COMMENTS

LEAVE A REPLY