സ്വകാര്യതാ വിധി സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍

200

തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച്‌ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് വിധിയെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വകാര്യത മൗലീകാവകാശമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്.
സ്വകാര്യത മൗലികാവകാശമാണെന്നാണ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ 1954ലെയും 1962ലെയും വിധികള്‍ അസാധുവാകുകയും ചെയ്തു. ആധാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അടിച്ചേല്‍പ്പിച്ച്‌ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന നിരവധി തീരുമാനങ്ങളാണ് ബി ജെ പി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഈ സുപ്രീംകോടതി വിധി.
ഭരണഘടനയുടെ അനുച്ഛേദം 21ന്റെ പിന്‍ബലത്തിലാണ് കോടതി ഇത്തരം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ലംഘിക്കുന്ന നിയമനിര്‍മാണം സാധ്യമാകാത്ത വിധത്തിലാണ് ഈ ഭരണഘടനാ ബഞ്ചിന്റെ തീരുമാനമെന്നത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശമായ സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്ന ഈ സുപ്രീം കോടതി വിധിയിലൂടെ ജനാധിപത്യത്തിന് കൂടുതല്‍ അര്‍ത്ഥകാന്തി വന്നിരിക്കുന്നു.

NO COMMENTS