വടകര, നാദാപുരം മേഖലകളില്‍ നിരോധനാജ്ഞ

226

വടകരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി വടകര, നാദാപുരം മേഖലയില്‍ പത്ത് ദിവസത്തേയ്‌ക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍പ്പാലം, ചോമ്പാല എന്നീ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലാണ് നിരോധനാജ്ഞ. വടകര താലൂക്കില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ വധിച്ച കേസില്‍ കോടതി വെറുതെ വിട്ട താഴെ കുനിയില്‍ അസ്ലമാണ് വെള്ളിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെയെത്തിയ സംഘം കക്കയം വെള്ളിയില്‍ വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസ്ലം രാത്രി ഒമ്പത് മണിയോടെയാണ് മരിച്ചത്. ഇന്നോവയിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

NO COMMENTS

LEAVE A REPLY