ഇന്ത്യന്‍ വനിതാഹോക്കി താരം ട്രാക്കില്‍ മരിച്ച നിലയില്‍

168

ഹരിയാന: ഇന്ത്യന്‍ വനിതാഹോക്കി താരം ജ്യോതിഗുപ്തയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ഹരിയാനയിലെ രെവാരിയിലാണ് ജ്യോതിഗുപ്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോലീസിന്റെ വാദത്തെ ജ്യോതി ഗുപ്തയുടെ വീട്ടുകാര്‍ തള്ളി. ജ്യോതി ഗുപ്തയ്ക്ക് ആത്മഹത്യ ചെയ്യാന്‍ തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്സ്പ്രസിന് മുന്നിലേക്കിവര്‍ എടുത്തു ചാടുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചെന്നും ലോക്കോ പൈലറ്റ് പോലീസിനോട് പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതി അവസാനം വീട്ടില്‍ വിളിച്ച്‌ സംസാരിച്ചത് വൈകിട്ട് സോനിപത്തില്‍ നിന്നാണ്. ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ രാത്രി 10 കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചപ്പോഴാണ് മരണ വിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ ഫോര്‍വേഡായിരുന്ന ജ്യോതി ഗുപ്ത ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ്.