പുനെയ്ക്ക് ആദ്യ ജയം

185

മഗ്ഗാവ്• ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണില്‍ പുണെ സിറ്റി എഫ്സിക്ക് ആദ്യ ജയം. പൊരുതിക്കളിച്ച എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പുണെ സിറ്റി എഫ്സി തോല്‍പ്പിച്ചത്. പുണെയ്ക്കായി അരാട്ട ഇസൂമി (25), മൊമാര്‍ എന്‍ഡോയെ (90) എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഗോവയുടെ ആശ്വാസ ഗോള്‍ റാഫേല്‍ കൊയിലോയുടെ (33) വകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച്‌ സമനില പാലിക്കുകയായിരുന്നു.വിജയത്തോടെ രണ്ട് കളികളില്‍നിന്നും മൂന്നു പോയിന്റുമായി പുണെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ രണ്ടാം മല്‍സരവും തോറ്റ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ എഫ്സി ഗോവ അവസാന സ്ഥാനത്തേക്ക് വീണു.

പന്ത് കൈവശം വയ്ക്കുന്നതിലും ഗോളിലേക്ക് ഷോട്ടുതിര്‍ക്കുന്നതിലുമുള്‍പ്പെടെ വ്യക്തമായ മേധാവിത്തം പുലര്‍ത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ പിഴച്ചതോടെയാണ് പുണെയ്ക്കെതിരെ ഗോവ തോല്‍വി വഴങ്ങിയത്. 25-ാം മിനിറ്റില്‍ അരാട്ട ഇസൂമി നേടിയ ഗോളോടെ പുണെയാണ് ആദ്യം മുന്നിലെത്തിയത്. പോസ്റ്റിന് മുന്നില്‍ നിന്ന് ജൊനാഥന്‍ ലൂക്ക തൊടുത്ത ഷോട്ട് ഗോവന്‍ ഗോളി കട്ടിമണി തടുത്തിട്ടെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി വീണ്ടും കളത്തിലേക്ക്. അവസരം പാര്‍ത്തുനിന്ന ഇസൂമിയ്ക്ക് പിഴച്ചില്ല. പന്ത് നേരെ വലയില്‍. സ്കോര്‍ 1-0.
ഏറെ കഴിയും മുന്‍പേ റാഫേല്‍ കൊയിലോയിലൂടെ ഗോവ ഗോള്‍ മടക്കി. പുണെയുടെ പകുതിയിലേക്ക് മുന്നേറിയെത്തിയ ജോഫ്രെ പന്ത് പുണെ ബോക്സ് ലക്ഷ്യമാക്കി തട്ടിയിട്ടു. പന്ത് റാഞ്ചാന്‍ കൊയിലോയും തടയാന്‍ ഗൗര്‍മാങ്കി സിങ്ങും ഓടിയെത്തി. പന്ത് അടിച്ചൊഴിവാക്കുന്നതിന് പകരം കൊയിലോയെ തടയാന്‍ ശ്രമിച്ച ഗൗര്‍മാങ്കിക്ക് പിഴച്ചു. കൊയിലോയുടെ ഷോട്ട് നേരെ വലയില്‍. സ്കോര്‍ 1-1.
സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന് നാടകീയ വഴിത്തിരിവുണ്ടാകുന്നത് 90-ാം മിനിറ്റില്‍. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ജൊനാഥന്‍ ലൂക്ക. തടയാനെത്തിയ ലൂസിയോയെ വിദഗ്ധമായി കബളിപ്പിച്ച ലൂക്ക നല്‍കിയ പാസ് എന്‍ഡോയെ നേരെ തട്ടി വലയിലിട്ടു. അവസാന നിമിഷ ഗോളില്‍ വിജയവുമായി പുണെയ്ക്ക് മടക്കം.

NO COMMENTS

LEAVE A REPLY