എച്ച്എല്‍എല്‍ വെന്‍ഡിഗോ മെഷീന്‍ പദ്ധതി വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു

288

തിരുവനന്തപുരം : സമഗ്ര വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഒരു വ്യക്തി ജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന വേഷങ്ങളിലെല്ലാം ആവശ്യമുള്ള പ്രാഥമിക അറിവുകള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ നേടേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടാണ് സമഗ്ര വിദ്യാഭ്യാസപരിപാടികള്‍ രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നടപ്പാക്കുന്ന മാനസാ പ്ലസ് പദ്ധതിയടക്കം, ജില്ലാ പഞ്ചായത്തിന്റെ എട്ട് സമഗ്ര വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലയിലെ 150 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എച്ച്എല്‍എല്‍ വെന്‍ഡിഗോ സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, സാനിട്ടറി നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനവും വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. കെ. മധു അധ്യക്ഷനായി. ജില്ലയിലെ സ്‌കൂളുകള്‍ക്ക് പുറമേ പോളിടെക്‌നിക്കുകളിലും ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളെജുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളുടെ തിളങ്ങുന്ന ഭാവിക്കും ആരോഗ്യമുള്ള തലമുറയ്ക്കും ഈ സംരംഭം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എല്‍എല്ലിനെ പ്രതിനിധീകരിച്ചു ചടങ്ങില്‍ സംസാരിച്ച മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശ്രീ. ബാബു തോമസ് പറഞ്ഞു. ഇന്ത്യയിലാകെ എച്ച്എല്‍എല്‍ സ്ഥാപിച്ച 4500ഓളം വെന്‍ഡിഗോ മെഷീനുകളും 2500ഓളം ഇന്‍സിനറേറ്ററുകളും ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പാലോട്, നെടുമങ്ങാട്, വിതുര, നെയ്യാറ്റിന്‍കര, കാട്ടാക്കട, വെങ്ങാന്നൂര്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, ബാലരാമപുരം, പാറശ്ശാല, ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്‌കൂളുകളിലാണ് വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ അഡ്വ. ഷൈലജാ ബീഗം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ശ്രീ. വി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY