കൂട്ടബലാത്സംഗം ചെറുത്ത നാലാം ക്ലാസുകാരിയെ തീകൊളുത്തി കിണറ്റിലെറിഞ്ഞു

170

റാഞ്ചി: ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തീകൊളുത്തി കിണറ്റിലെറിഞ്ഞു. ജാര്‍ഖണ്ഡിലെ സരായികേല ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എല്ലാം പ്രതികളെയും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് നാലുപേര്‍ പെണ്‍കുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച്‌ ഇവര്‍ ബലാത്സംഗത്തിന് ശ്രമിച്ചതോടെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. പിന്നീട് ഒരു കിണറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ടെത്തിയ ചില ഗ്രാമീണരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. 60% പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. രക്ഷിതാക്കളുടെ പരാതി പ്രകാരം പോലീസ് നടത്തിയ തിരച്ചിലില്‍ നാലുപേരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡില്‍ സ്ത്രീകളും കുട്ടികളും വലിയതോതില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നുണ്ട്. പലപ്പോഴും പഞ്ചായത്തുകള്‍ ചേര്‍ന്ന് ചെറിയ ശിക്ഷകള്‍മാത്രം നല്‍കുന്നതിനാല്‍ പീഡനവിവരം പുറത്തറിയാറില്ല. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ ഗ്രാമീണരെയും മറ്റും വേട്ടയാടുന്നതും പോലീസ് കേസുകള്‍ ഇല്ലാതാക്കുന്നതും പതിവാണ്.

NO COMMENTS

LEAVE A REPLY