പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു

325

കട്ടപ്പന: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമനസേന തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഐ.ടി.ഐ. ജങ്ഷനു സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു തീപിടിച്ചത്. എന്‍ജിന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നു.തീ പടര്‍ന്നുപിടിച്ചത് പെട്രോള്‍പമ്പ് ജീവനക്കാര്‍ അറിഞ്ഞത് അഗ്നിശമനസേന സ്ഥലത്തെത്തിയതിനുശേഷം. പുലര്‍ച്ചെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ്, ലോറിക്കു തീപിടിച്ചതു കണ്ടത്. ഉടന്‍തന്നെ ഇയാള്‍ അടുത്തുള്ള അഗ്നിശമനസേനാ ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമനസേന മറ്റു വാഹനങ്ങള്‍ക്കൊപ്പം കിടന്ന ലോറി പുറത്തേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും താക്കോലില്ലാത്തതിനാല്‍ കഴിഞ്ഞില്ല. പെട്രോള്‍ പമ്പ് ജീവനക്കാരുടെ കൈവശം, പമ്പില്‍ പാര്‍ക്കുചെയ്ത വാഹനങ്ങളുടെ താക്കോലുണ്ടായിരുന്നു എങ്കിലും ലോറിയുടെ താക്കോല്‍ ഏതെന്നു തിരിച്ചറിയാനായില്ല. തുടര്‍ന്ന്, പമ്പിനുള്ളില്‍വെച്ചുതന്നെ അഗ്നിശമനസേന തീയണച്ചു.പെട്രോള്‍ പമ്പുകളിലെ അനധികൃത പര്‍ക്കിങ്ങിനെതിരെ പമ്പുടമകള്‍ക്കു നോട്ടീസ് നല്‍കുമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലീഡിങ് ഫയര്‍മാന്‍ നിസ്സാറുദ്ദീന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

NO COMMENTS

LEAVE A REPLY