മുതിര്‍ന്ന കേ‍ാണ്‍ഗ്രസ് നേതാവ് എ.രാമസ്വാമി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.

48

പാലക്കാട്: മുതിര്‍ന്ന കേ‍ാണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനുമായ എ.രാമസ്വാമി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. നേതൃത്വത്തിന്റെ നിരന്തര അവഗണനയും അര്‍ഹമായ അവസരങ്ങള്‍ നിഷേധിക്കുന്നതിലും മനസ്സു മടുത്താണു രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നല്‍കിയെന്നും ഇനി ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും രാമസ്വാമി വ്യക്തമാക്കി.

സിഎംപിക്ക് നെന്മാറ സീറ്റ് വിട്ടു നല്‍കിയതിലാണ് അദ്ദേഹത്തിന് പ്രതിഷേധം. 55 വര്‍ഷം പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ പാര്‍ട്ടി പുനഃസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു. പാലക്കാടാണ് തന്റെ പ്രവര്‍ത്തന മണ്ഡലം.

10 വര്‍ഷം മുന്‍പ് ഷാഫി ഇവിടെ വരുമ്ബോള്‍ ഷാഫിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫി മാറുന്നി ല്ലെങ്കില്‍ നെന്മാറയില്‍ പരിഗണിക്കും എന്നായിരുന്നു പറഞ്ഞിരുന്നതെന്നും രാമസ്വാമി വ്യക്തമാക്കി.പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച്‌ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന രാമസ്വാമി യെ നേതൃത്വം ഇടപ്പെട്ട് അനുയയിപ്പിച്ചിരുന്നു. വിമത സ്വരം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ രാമസ്വാമിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എം പി തുടങ്ങിയനേതാക്കളും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ചില പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. ഇതിനിടെയാണ് പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

NO COMMENTS