വിദേശ തൊഴിലാളികള്‍ക്ക് കര്‍ശന നിയന്ത്രണമെന്ന് ട്രംപ്

188

ന്യൂയോര്‍ക്ക്: വിദേശ തൊഴിലാളികളെ രാജ്യത്തെ കമ്പനികള്‍ നിയമിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കക്കാരെ പിരിച്ചുവിട്ട് പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസില്‍ ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്‍റെ നിലപാട്ഡിസ്നി വേള്‍ഡ് അടക്കം പല അമേരിക്കന്‍ കമ്പനികളും അമേരിക്കന്‍ തൊഴിലാളികളെ മാറ്റി വിദേശികളെ ജോലിക്ക് വച്ചത് വിവാദമായിരുന്നു. ഇത്തരത്തില്‍ ജോലി കിട്ടിയ വിദേശികളില്‍ വലിയൊരു പങ്കും ഇന്ത്യക്കാരാണ്. തങ്ങളെ പുറത്താക്കി വിദേശികളെ നിയമിച്ച കമ്ബനികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് തൊഴിലാളികള്‍.

അമേരിക്കക്കാരേക്കാള്‍ കുറഞ്ഞവേതനം നല്‍കിയാണ് എച്ച്‌1ബി വിസയില്‍ വിദേശികളെ നിയമിച്ചത്. ഇത്തരത്തില്‍ താല്‍കാലിക വിസയിലെത്തുന്ന വിദേശികള്‍ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്ന അവസ്ഥ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് അയോവയില്‍ അനുയായികളുടെ യോഗത്തില്‍ ട്രംപ് പറഞ്ഞു. അവസാന അമേരിക്കക്കാരനെയും സംരക്ഷിക്കാനായി പോരാടുമെന്ന് ട്രംപ് വ്യക്തമാക്കി. എച്ച്‌1ബി വിസയില്‍ അമേരിക്കയില്‍ ജോലി ലഭിക്കാനുള്ള ഇന്ത്യക്കാരുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാകും ട്രംപിന്‍റെ നിലപാട്. അമേരിക്കക്കാര്‍ക്ക് പകരം ജോലിക്ക് കയറിയ വിദേശികളെ പിരിച്ചുവിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. പ്രസിഡന്‍റ് പദമേറ്റ ശേഷം ട്രംപ് ഇത്തരം തൊഴില്‍ പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യക്കാരെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ രാജ്യത്തിന്‍റെ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. മയക്കുമരുന്ന് രാജ്യത്ത് വ്യാപിക്കുന്നത് തടയുമെന്നും നിയുക്ത പ്രസിഡന്‍റ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY