ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം ഉയർന്നുവരണം – മുഖ്യമന്ത്രി പിണറായി വിജയൻ

91

തിരുവനന്തപുരം : ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയ ർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേർന്നുള്ള കാർ ഷിക സംസ്‌കൃതിയാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്‌കാരത്തിനും സമ്പദ്ഘടനയിലും വലിയ സംഭാവന നൽകുന്നവരാണ് കർഷകർ.

കാർഷികവികസനത്തിനുള്ള നടപടികൾ പ്രാവർത്തികമാക്കാൻ നല്ലരീതിയിലുള്ള ബോധവത്കരണം കർഷകർക്ക് ആവശ്യമാണ്. അത് നടപ്പാക്കാനുള്ള ചുമതല ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കാണ്.ആഗോളവത്കരണത്തിന്റേയും നവ ഉദാരവത്കരണത്തിന്റേയും ഭാഗമായി കാർഷികമേഖല പ്രതിസന്ധി നേരിടുകയാണ്. രാജ്യത്ത് പല ഭാഗത്തും കർഷകരുടെ പ്രശ്നങ്ങൾ അറിയാനും കേൾക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. കർഷകർക്ക് അറിവ് പകരുന്ന തിനും നൂതന കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിനും വേറിട്ട പ്രവർത്തനശൈലിയിലൂടെ കേരളത്തിന്റെ കാർഷി കമേഖലയിൽ സ്വന്തമായ സ്ഥാനം അടയാളപ്പെടുത്താൻ ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് സാധിച്ചു.കൃഷിയെക്കുറിച്ചും കാർഷികമേഖലയെക്കുറിച്ചും വിശാല കാഴ്ചപ്പാടുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ആദ്യ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആർ. ഹേലി വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എഫ്.ഐ.ബിയുടെ ചുവടുപിടിച്ചാണ് പത്രങ്ങൾ കാർഷികപംക്തികൾ ആരംഭിച്ചത്. ആകാശവാണിയിലും പ്രത്യേക വാർത്താ ബുള്ളറ്റിനുകളും വയലും വീടും പോലുള്ള പരിപാടികളുമായി ശ്രദ്ധനേടി. മാധ്യമങ്ങളും കർഷകരും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി മാറിയ ഫാം ഇൻഫർമേഷൻ ബ്യൂറോ നവമാധ്യമരംഗത്തും സാന്നിധ്യം വ്യാപിപ്പിക്കുന്നത് സന്തോഷകരമാണ്.

നവകേരള സങ്കൽപ്പത്തിന് അനുയോജ്യമായ രീതിയിൽ സുസ്ഥിര ജീവിതം ഉറപ്പാക്കുന്ന കാർഷികോത്പാദനം ശക്തിപ്പെടുത്താനുള്ള ഇടപെടൽ ഉണ്ടാകണം. ആഗോളതലത്തിലും ദേശീയതലത്തിലും കാർഷികരംഗത്തുമുണ്ടാകുന്ന മാറ്റങ്ങളും നൂതനപ്രവണതകളും കൃഷിക്കാരിൽ എത്തിക്കുകയെന്ന കാലഘട്ടത്തിന്റെ വെല്ലുവിളി കൃത്യമായി നിർവഹിക്കാൻ ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ആദ്യ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആർ. ഹേലിയെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു.സുവർണജൂബിലി യുടെ ഭാഗമായി ഫാം ഇൻഫർമേഷൻ ബ്യൂറോ വിപുലമായ വികസന പരിപാടികൾ നടപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായി കുട്ടനാട് കേന്ദ്രീകരിച്ച് കമ്യൂണിറ്റി റേഡിയോ ആരംഭിക്കും. അഞ്ച് പ്രധാന അഗ്രോ ഇക്കണോമിക് സോണുകളിലും തുടർന്ന് കമ്യൂണിറ്റി റേഡിയോ തുടങ്ങുന്നത് പരിഗണിക്കുന്നുണ്ട്. കാർഷിക ചലച്ചിത്രമേള തൃശൂരിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷികമേഖലയിൽ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകാനാവുമെന്ന് ചടങ്ങിൽ ‘എഫ്.ഐ.ബി: കാർഷികവിജ്ഞാന വ്യാപനത്തിന്റെ സുവർണ ഏടുകൾ’ എന്ന പുസ്തകപ്രകാശനം നിർവഹിച്ച് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി കെ. രാജു പറഞ്ഞു. എഫ്.ഐ.ബിയിലെ ആദ്യകാല മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം ആദരിച്ചു. കുട്ടനാട് കമ്യൂണിറ്റി റേഡിയോയുടെ ഫ്രീക്വൻസി സ്പെക്ട്രം അനുമതിപത്ര കൈമാറ്റവും ലഘുലേഖയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. വിഡിയോഗ്രാഫി അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിച്ചു.കൃഷിവകുപ്പ് ഡയറക്ടർ എ.ആർ. അജയകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.കെ. പ്രസാദ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു. കാർഷികോത്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ് സ്വാഗതവും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഇൻ ചാർജ് സജീവ് ചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി ‘കാർഷികവിജ്ഞാന വ്യാപനവും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ മാധ്യമസെമിനാറും ഉദ്യോഗസ്ഥരുടെ ഒത്തുചേരലും സംഘടിപ്പിച്ചു.

NO COMMENTS