വിമാനത്തിനകത്ത് വൈഫൈ: അനുമതി ഉടന്‍

171

ന്യൂഡല്‍ഹി• ഇന്ത്യന്‍ വ്യോമ പരിധിയില്‍ വിമാനത്തിനകത്തു വൈഫൈ സംവിധാനം ഉപയോഗിക്കുന്നതിനുള്ള അനുമതി ഉടനെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍.ചൗബെ. നിലവില്‍ വിമാനത്തിനകത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതിയില്ല.
എയര്‍ പാസ‍ഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പുരസ്കാര വിതരണ ചടങ്ങിലാണ് ചൗബെ ഇക്കാര്യം വെളിപ്പെടുത്തിയത്.
പത്തു ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനം വന്നേക്കാമെന്നും ഇതിനു മന്ത്രിസഭാ അനുമതി ആവശ്യമില്ലെന്നും ചൗബേ പറഞ്ഞു.ശബ്ദവും ഡേറ്റയും എളുപ്പത്തില്‍ ട്രാക്ക് ചെയ്യപ്പെടാമെന്നതാണ് വിമാനത്തിനകത്ത് വൈഫൈ ഉപയോഗിക്കുമ്ബോഴുള്ള സുരക്ഷാ പ്രശ്നം.

വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാത്രക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഉപഭോക്തൃ മന്ത്രി റാം വിലാസ് പാസ്വാന്‍ പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.