തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍ യഥാര്‍ത്ഥ വസ്തുതകള്‍ ബോധിപ്പിക്കാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് വി.എം. സുധീരന്‍

220

തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍ സംസ്ഥാനത്തെ യഥാര്‍ത്ഥ വസ്തുതകള്‍ ബോധിപ്പിക്കാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
അക്രമകാരികളായ നായ്ക്കളുടെ വിഹാരരംഗമായി കേരളം മാറിയിരിക്കുന്നു. നായ്ക്കളുടെ കടിയേറ്റ് മരണമടഞ്ഞ പുല്ലുവിളയിലെ ശീലുവമ്മ ഉള്‍പ്പടെയുള്ളവരുടെയും അപായകരമായ രീതിയില്‍ പരിക്കുപറ്റി ചികില്‍സയില്‍ കഴിയുന്നവരുടെയും യാതൊരു വിവരവും സര്‍ക്കാര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.
ജനജീവിതത്തിന് തെരുവ് നായ്ക്കള്‍ ഉയര്‍ത്തുന്ന വന്‍ ഭീഷണിയും കേരളീയ സമൂഹത്തില്‍ ഏല്‍പ്പിച്ച വന്‍ ആഘാതവും സുപ്രീം കോടതിയില്‍ ബോധിപ്പിക്കാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ കുറ്റകരമായ വീഴ്ചയാണ്. അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന മന്ത്രി ജലീലിന്റെ പ്രഖ്യാപനത്തെക്കുറിച്ചും മൗനം പാലിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന അതിഗുരുതരമായ സാഹചര്യം മറച്ചുവച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍നടപടി വലിയ ജനവഞ്ചനയാണ്. ഇത് അപലപനീയമാണ്.
ഇനിയെങ്കിലും കേരളത്തിലെ യഥാര്‍ത്ഥ സ്ഥിതി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് കഴിയുന്ന അനുകൂല തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകുന്നതിന് ആവശ്യമായ നിലയില്‍ സത്യവാങ്മൂലം ഭേദഗതി ചെയ്ത് നല്‍കണമെന്ന് സര്‍ക്കാരിനോട് സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY