ഒ എല്‍ എക്സിലൂടെ വാഹന ‌ തട്ടിപ്പ് – രണ്ടു പേർ പിടിയില്‍.

19

കല്‍പറ്റ: ഒ എല്‍ എക്സിലൂടെ വാഹന ഇടപാടുകാരെ കബളിപ്പിച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരനും സഹായിയും പിടിയില്‍. കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ സ്വദേശി എ പി സല്‍മാനുല്‍ ഫാരിസ് (24), മരുതോങ്കര കണ്ട്തോട് സ്വദേശി യു കെ ശാമില്‍ എന്നിവരാണ് പിടിയിലായത്. അമ്ബലവയല്‍ സ്വദേശികളില്‍നിന്ന് 1.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.ആറു വര്‍ഷമായി ഇവര്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച്‌ ഒ എല്‍ എക്സിലൂടെ വാഹന തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ആദ്യം വാഹനം വാങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോടുള്ള സെകന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനത്തില്‍ വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ ഫോണ്‍ മുഖേന ഈ സ്ഥാപനത്തിലെ നടത്തിപ്പുകാരനുമായി ഇതേ വാഹനം വില്‍പനക്ക് ഉണ്ടെന്ന് ധരിപ്പിച്ച്‌ പകുതി വിലയ്ക്ക് കച്ചവടം ഉറപ്പിച്ചു. വാഹനം ഷോറൂമില്‍ എത്തിയ ഉടന്‍ പറഞ്ഞുറപ്പിച്ച തുക തട്ടിപ്പുസംഘത്തിന്റെ മുഖ്യ സൂത്രധാരനായ സല്‍മാനുല്‍ ഫാരിസിന്റെ അകൗണ്ടിലെത്തി.

ഇതോടെ പണം എത്തിയതോടെ ഫോണ്‍ സ്വിച് ഓഫ് ആയി. അതേസമയം അമ്ബലവയല്‍ സ്വദേശിയുടെ ഫോണിലേക്ക് അദ്ദേഹത്തിന്റെ അകൗണ്ടില്‍ പണം നിക്ഷേപിച്ചതായി വ്യാജ സന്ദേശം ലഭിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകളോളം കാത്തു നിന്നിട്ടും അകൗണ്ടില്‍ പണം എത്താതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്.

NO COMMENTS