അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്നറിഞ്ഞും അറിയാതെയും കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മക്കൾ

211

വള്ളികുന്നം: അമ്മയുടെ വേര്‍പാട് മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല. പന്ത്രണ്ടുകാരന്‍ ഋഷികേശും ഒന്‍പതുകാരന്‍ ആദിശേഷനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്നറിഞ്ഞു വേർപാടിലാണ് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മക്കൾ. വള്ളികുന്നത്തെ ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ സൗമ്യയുടെ ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലായിരുന്നു രണ്ടാഴ്ചയായി കുട്ടികള്‍. അവിടെനിന്നാണ് മൂത്ത രണ്ടുപേരും ചങ്ങന്‍കുളങ്ങരയിലെ സ്‌കൂളില്‍ പോയിരുന്നത്. സൗമ്യയുടെ മരണത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഇവരെ വള്ളികുന്നത്തെ കുടുംബവീട്ടില്‍ കൊണ്ടുവരികയായിരുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അമ്മയെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയിരുന്നതായി വീട്ടില്‍ ആശ്വസിപ്പിക്കാനെത്തിയ നിയുക്ത എം.പി. കൊടിക്കുന്നില്‍ സുരേഷിനോട് ഋഷികേശ് പറഞ്ഞു. സൗമ്യയുടെ ഭര്‍ത്താവ് സജീവ് 22 ദിവസം മുന്‍പാണ് ജോലി സ്ഥലമായ ലിബിയയിലേക്ക് പോയത്. സജീവിന്റെ പാസ്പോര്‍ട്ടും അനുബന്ധരേഖകളും എംബസിയിലാണ്. ഇതെത്രയും വേഗം തിരിച്ചെടുക്കുന്നതിനും സജീവിനെ നാട്ടിലെത്തിക്കുന്നതിനും അടിയന്തരനടപടി സ്വീകരിക്കുമെന്നും നിയുക്ത എം.പി. പറഞ്ഞു.

ശനിയാഴ്ച രാവിലെ പതിവുപോലെ വള്ളികുന്നം സ്റ്റേഷനില്‍ സൗമ്യ ഡ്യൂട്ടിക്ക് ചെന്നു. അനുവാദം വാങ്ങി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാനായി തഴവയിലെ എ.വി.എച്ച്‌.എസില്‍ പോയി. തിരികെ വീട്ടിലെത്തി മക്കളെ കാണുന്നതിനായി ഓച്ചിറയിലെ കുടുംബവീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്ബോഴാണ് സംഭവം. ജോലികിട്ടിയ നാളുമുതല്‍ അഞ്ചുവര്‍ഷമായി വള്ളികുന്നം സ്റ്റേഷനിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്.

NO COMMENTS