കേന്ദ്ര സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ടായാലേ ജനവിരുദ്ധ നയങ്ങളെ ശക്തമായി ചെറുക്കാനാകൂ ; കോടിയേരി ബാലകൃഷ്ണന്‍

170

കേന്ദ്ര സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ക്രിയാത്മകമായി ഇടപെടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ടായാലേ ജനവിരുദ്ധ നയങ്ങളെ ശക്തമായി ചെറുക്കാനാകൂവെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എഫ‌്‌എസ‌്‌ഇടിഒ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം നിര്‍ണായക ശക്തിയായാല്‍ സര്‍ക്കാര്‍ ജനവികാരം മാനിച്ച‌് പ്രവര്‍ത്തിക്കും എന്നത‌് രാജ്യം കണ്ടതാണ‌്. 2014ലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇതിനുദാഹരണമാണ‌്. അന്ന‌് കോണ്‍ഗ്രസ‌് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ പല ജനവിരുദ്ധനയങ്ങളും നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുമൂലം ഉപേക്ഷിച്ചു. സമാനസാഹചര്യമാണ‌് ഇപ്പോഴുള്ളത‌്. പാര്‍ലമെന്റില്‍ നയരൂപീകരണത്തിലിടപെടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ടാകണം. ഇതിനായി കൂടുതല്‍ എംപിമാരെ ലോക‌്സഭയിലെത്തിക്കണം.

പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കാനുള്ള കഴിവ‌് ഇടതുപക്ഷത്തിനുണ്ട‌്. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച‌് ഇങ്ങനെ സമരങ്ങള്‍ നടത്തുന്നത‌് പാര്‍ലമെന്റിനുപുറത്താണ‌്. ഈ സംഘാടനമികവ‌് തെരഞ്ഞെടുപ്പില്‍ വോട്ടായി മാറ്റാന്‍ കഴിഞ്ഞാലേ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിക്കൂ.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല നിലവിലുള്ളത‌്. പത്തുവര്‍ഷത്തെ കോണ്‍ഗ്രസ‌് ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ മാറ്റത്തിനുവേണ്ടി ആഗ്രഹിച്ചു. കുത്തകമാധ്യമങ്ങളും കോര്‍പറേറ്റുകളും ബദല്‍ ശക്തിയായി ബിജെപിയെ ഉയര്‍ത്തിക്കാട്ടി. 42 കക്ഷികളെ ഒപ്പംകൂട്ടി എന്‍ഡിഎ രൂപീകരിച്ച ബിജെപി 288 അംഗങ്ങളുമായി ഭരണത്തിലേറി. എന്നാല്‍, അവരെ അന്നുപിന്തുണച്ച ടിഡിപി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമില്ല. ഭിന്നിച്ചുനിന്ന പല പ്രതിപക്ഷ കക്ഷികളും ഇപ്പോള്‍ ബിജെപിക്കെതിരെ ഒന്നിച്ചു. മാത്രമല്ല, ജനവിരുദ്ധനയങ്ങള്‍ ജനങ്ങളെ ബിജെപിയില്‍ നിന്നകറ്റി.

എന്നാല്‍, ഇവര്‍ക്ക‌് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ല. കാരണം നയപരമായ കാര്യങ്ങളില്‍ ഇവര്‍തമ്മില്‍ ഒരു വ്യത്യാസവുമില്ല. കോണ്‍ഗ്രസ‌് ചിഹ്നത്തില്‍ ജയിക്കുന്നവര്‍ ആ പാര്‍ടിയില്‍ത്തന്നെ തുടരും എന്നതിനൊരു ഉറപ്പുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച 288 ബിജെപിക്കാരില്‍ 103പേര്‍ മുന്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു എന്നതോര്‍ക്കണം. മതനിരപേക്ഷത ഉപേക്ഷിച്ച കോണ്‍ഗ്രസ‌് ബിജെപിയെക്കാള്‍ ശക്തമായാണ‌് വര്‍ഗീയ ഫാസിസ്റ്റ‌് നയങ്ങള്‍ നടപ്പാക്കുന്നത‌്. മധ്യപ്രദേശിലെ കോണ്‍ഗ്രസ‌് സര്‍ക്കാര്‍ പശുക്കടത്ത‌്ന്ന നടത്തുന്നവരുടെപേരില്‍ ദേശസുരക്ഷാ നിയമപ്രകാരമാണ‌് കേസെടുത്തത‌്.

അധികാരത്തില്‍വന്നാല്‍ ബാബ‌്റി മസ്ജിദ‌് നിന്നിടത്ത‌് രാമക്ഷേത്രം പണിയുമെന്ന‌് പ്രഖ്യാപിച്ചത‌് കോണ്‍ഗ്രസ‌് നേതാവായ പി സി ജോഷിയാണ‌്. കേരളത്തിലും ഈ ബിജെപി–കോണ്‍ഗ്രസ‌് കൂട്ടുകെട്ട‌് കാണാം. ശബരിമല സ‌്ത്രീപ്രവേശന വിധിയുടെ പേരില്‍ സംസ്ഥാനത്ത‌് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയത‌് ഇവരൊരുമിച്ചാണ‌്.വരുന്ന തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ടുണ്ടാകും– കോടിയേരി ചൂണ്ടിക്കാട്ടി. എഫ‌്‌എസ‌്‌ഇടിഒ പ്രസിഡന്റ‌് കെ സി ജയകൃഷ്ണന്‍ അധ്യക്ഷനായി. ടി എസ‌് രഘുലാല്‍ പ്രമേയം അവതരിപ്പിച്ചു. ടി സി മാത്തുക്കുട്ടി സ്വഗതവും കെ എന്‍ അശോക‌്കുമാര്‍ നന്ദിയും പറഞ്ഞു.

NO COMMENTS