ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

185

കിങ്സ്റ്റൺ ∙ നാലാം ദിവസം മഴ നൽകിയ ഭാഗ്യം അഞ്ചാം ദിവസം വെസ്റ്റ് ഇൻഡീസ് മുതലെടുത്തു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയർ പൊരുതി സമനില നേടി. റോസ്റ്റൺ ചേസിന്റെയും (137) ജേസൺ ഹോൾഡറുടെയും (64) ചെറുത്തുനിൽപ്പിൽ വിൻഡീസ് അവസാന ദിനം പൊരുതി നിന്നു. ആറിന് 388 എന്ന നിലയിലാണ് വിൻ‍ഡീസ് ബാറ്റിങ് അവസാനിപ്പിച്ചത്.

304 റൺസ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ വിൻഡീസ് മഴഭാഗ്യം കൂടി തുണച്ചതോടെ കളി അഞ്ചാം ദിവസത്തേക്കു നീട്ടിയെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ ഒൻപതിന് 500നെ പിന്തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങിനിറങ്ങിയ വിൻഡീസിന്റേത് ഞെട്ടിക്കുന്ന തുടക്കമായിരുന്നു. 16 ഓവറിൽ 48 റൺസായപ്പോഴേക്കും നാലു പേർ കൂടാരത്തിൽ മടങ്ങിയെത്തി. എന്നാൽ ബാറ്റ്സ്മാൻമാർ അമ്പേ പരാജയപ്പെട്ടപ്പോൾ രക്ഷയ്ക്കെത്തിയത് മഴ. അതേ സ്കോറിൽ നാലാം ദിനത്തിലെ കളി തീർന്നു.

ഇന്നലെ കളി തുടങ്ങിയപ്പോൾ ഇന്ത്യൻ ബോളർമാർ ആവേശത്തോടെ പന്തെറിഞ്ഞെങ്കിലും ജർമെയ്ൻ ബ്ലാക്ക്‌വുഡും (63) റോസ്റ്റൺ ചേസും അവരെ നിരാശപ്പെടുത്തി. ആദ്യ ടെസ്റ്റിലേതു പോലെ ഏകദിനശൈലിയിലായിരുന്നു ബ്ലാക്ക്‌വുഡിന്റെ ബാറ്റിങ്. 54 പന്തിൽ 63 റൺസ്–ഒൻപതു ഫോറും രണ്ടു സിക്സും. അഞ്ചാം വിക്കറ്റിൽ 93 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ആദ്യ നാലു വിക്കറ്റുകൾ വീഴ്ത്താൻ എറിഞ്ഞ ഓവറുകളിലേറെ ഇന്ത്യൻ ബോളർമാർക്ക് ഇവരെ പിരിയിക്കാൻ എറിയേണ്ടി വന്നു. ഒടുവിൽ 34–ാം ഓവറിൽ അശ്വിന്റെ പന്തിൽ ബ്ലാക്ക്‌വുഡ് പൂജാരയുടെ കയ്യിലൊതുങ്ങിയതോടെ ഇന്ത്യയ്ക്ക് ആശ്വാസം. എന്നാൽ ഡൗറിച്ചിനെയും(74) പിന്നീട് ഹോൾഡറെയും കൂട്ടു പിടിച്ച് ചേസ് ചെറുത്തു നിന്നു.

NO COMMENTS

LEAVE A REPLY