സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം വരുന്നു

213

ജിദ്ദ: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തി സമയം നിശ്ചയിക്കുന്നതിനെക്കുറിച്ച് ശൂറാ കൗൺസിൽ ചർച്ച ചെയ്യും. രാത്രി 9 മണിക്ക് കടകൾ അടയ്ക്കുന്ന നിയമം പ്രാബല്യത്തിൽ വന്നാൽ രാത്രി നമസ്ക്കാരത്തിന് കടകൾ അടയ്ക്കുന്നത് അഞ്ച് മിനിട്ടായി കുറയ്ക്കാനാണ് സാധ്യത. സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിക്ക് തന്നെ അടക്കുന്ന നിയമം കൊണ്ട് വരുന്നതിനെ കുറിച്ച് തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍തുടരുകയാണ്.
സൗദി ശൂറാ കൗണ്‍സിലുമായി ഇക്കാര്യം ഉടന്‍ചര്‍ച്ച ചെയ്യുമെന്ന് മന്ത്രാലയം പ്രതിനിധി അബ്ദുല്‍ മുഹ്സിന്‍ അല്‍ഖര്‍നി പറഞ്ഞു. നിലവില്‍ രാത്രി പന്ത്രണ്ടു മണിയോടെയാണ് സാധാരണ വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നത്. ഇത് നേരത്തെയാക്കുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ശില്‍പശാലയില്‍ വ്യാപാരികള്‍ പരാതിപ്പെട്ടു. ഷോപ്പിംഗ്‌ കോംപ്ലെക്സിനകത്തുള്ള സ്ഥാപനങ്ങള്‍ക്കും പുറത്തുള്ള സ്ഥാപനങ്ങള്‍ക്കും വ്യതസ്തമായ സമയം കൊണ്ട് വരുന്നത് സാധാരണ കച്ചവടക്കാരെ ബാധിക്കും.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിത ശൈലിക്കനുസരിച്ചാണ് പ്രവൃത്തി സമയം നിശ്ചയിക്കേണ്ടത്. പുതിയ പ്രവൃത്തി സമയം പ്രാബല്യത്തില്‍ വന്നാല്‍ പലരും നിക്ഷേപം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. നിലവില്‍ രാത്രി നിസ്കാരത്തിനായി കടകള്‍ 25 മുതല്‍ 40 മിനുട്ട് വരെ അടച്ചിടുന്നുണ്ട്. ഒമ്പത് മണിക്ക് അടക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പിന്നെ രാത്രി കച്ചവടം നടത്താന്‍ സമയം ഉണ്ടാകില്ലെന്നും പരാതി ഉയര്‍ന്നു.
എന്നാല്‍ രാത്രി നിസ്കാരത്തിനായി വ്യാപാര സ്ഥാപനങ്ങള്‍ അഞ്ചു മിനുട്ട് മാത്രം അടച്ചിട്ടാല്‍ മതിയെന്ന നിര്‍ദേശം തൊഴില്‍ സാമൂഹിക വികസന മന്ത്രാലയങ്ങള്‍ അംഗീകരിച്ചു. പുതിയ പ്രവൃത്തി സമയം നിലവില്‍വന്നാല്‍ നിസ്കാരതിനായി കടകള്‍ അടക്കുന്ന സമയത്തിലും മാറ്റമുണ്ടാകും എന്നാണ് സൂചന. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരാന്‍ ശൂറാ കൌണ്‍സിലിന്റെ അംഗീകാരം ഉള്‍പ്പെടെ കടമ്പകള്‍ ഏറെയാണ്‌.

NO COMMENTS

LEAVE A REPLY