മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സാക്ഷി മഹാരാജിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

245

ലക്നൗ: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. നാളെ മറുപടി നല്‍കാനാണ് നിര്‍ജദ്ദേശം. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള എംപിയായ സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള കുറ്റംചുമത്തി സാക്ഷി മഹാരാജിനെതിരെ മീററ്റിലെ സദര്‍ ബസാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മീററ്റിൽ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. ഇന്ത്യയിലെ ജനസംഖ്യാ വർധനവിനു കാരണം നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കൽപ്പത്തെ പിന്തുണയ്ക്കുന്നവരാണെന്ന പ്രസ്താവനയാണ് വിവാദമായത്. എത്രയും വേഗത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടിരുന്നു. പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നതോടെയാണ് പോലീസ് കേസെടുക്കാൻ തയാറായത്. അഞ്ചു സംസ്‌ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. ഇപ്പോഴുളള കേസിനു പുറമെ കൊലപാതകം ഉള്‍പ്പെടെ മറ്റ് എട്ട് ക്രിമിനല്‍ കേസുകള്‍ കൂടിയുണ്ട് സാക്ഷി മഹാരാജിനെതിരെ.

NO COMMENTS

LEAVE A REPLY