ഇന്ത്യയും റഷ്യയും 39000 കോടിയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെക്കും

240

മോസ്കോ: പ്രതിരോധ മേഖലയിലെ അത്യധുനിക സംവിധാനങ്ങള്‍ കൈമാറാനുള്ള 39000 കോടിയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കും. വ്യോമ പ്രതിരോധ മേഖലയില്‍ റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനമായ ‘എസ്-400’ (air defence missile systems) ഇന്ത്യക്ക് കൈമാറാനുള്ളതാണ് ഇതില്‍ പ്രധാനം.ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനും ‘എസ്-400 ട്രയംഫ്’ വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമുള്‍പ്പെടെയുള്ള കരാറില്‍ ഒപ്പുവെക്കും.

വ്യോമമേഖലയില്‍ റഷ്യയുടെ ഏറ്റവും പുതിയ പ്രതിരോധസംവിധാന ശ്രേണിയിലുള്ളതാണ് എസ്-400. 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രണങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും ഒരേസമയം, ഇവയെ വെടിവെച്ചുവീഴ്ത്താനും കഴിവുള്ളതാണ് എസ്-400 സംവിധാനം.ചെറുകിടാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന 200 കാമോവ് 226ടി ഹെലികോപ്ടറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനവും കൂടിക്കാഴ്ചയിലുണ്ടാകും.ഏറെ കാലമായി ഇരുരാജ്യങ്ങളുടെയും പരിഗണനയിലുള്ള കരാറാണിത്. മെയ്ക് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 100 കോടി ഡോളറാണ് ചെലവു കണക്കാക്കുന്നത്.
ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സും റഷ്യന്‍ റോസ്റ്റക് സ്റ്റേറ്റ് കോര്‍പ്പറേഷനും സംയുക്തമായാണ് ഹെലികോപ്ടറിന്റൈ നിര്‍മാണം നടത്തുക. കോമോവ് നിലവില്‍ വ്യോമസേനയുടെ പക്കലുള്ള ചേതക്, ചീറ്റ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയും.അതേസമയം ഇരു രാജ്യങ്ങുളും സംയുക്തമായി നിര്‍മിക്കാനുദ്ദേശിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ (എഫ്.ജി.എഫ്.എ), 150 കോടി ഡോളര്‍ ചെലവില്‍ ആണവ അന്തര്‍വാഹിനി വാടകയ്ക്കെടുക്കുന്ന വിഷയം എന്നിവയിലും ചര്‍ച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ അത്യാധുനിക യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നത് റഷ്യയാണ്.

NO COMMENTS

LEAVE A REPLY